ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി

By Web TeamFirst Published Jan 27, 2023, 4:22 PM IST
Highlights

ഫൈസലിന്‍റെ കുറ്റവും ശിക്ഷയും മരവിപ്പിച്ചതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം. മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ നിർദ്ദേശം. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽക്കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള  ഫൈസലിന്‍റെ ഹർജിയിലാണ് സുപ്രീം കോടതി തീരുമാനം.

ഹൈക്കോടതി ഫൈസലിന്‍റെ ശിക്ഷവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യം കണക്കിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വളരെ വേഗത്തിലുള്ള തീരുമാനമായിരുന്നു കമ്മീഷന്‍റേതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ നീരീക്ഷിച്ചു. ഹൈക്കോടതി തീരുമാനത്തോടെ ഫൈസലിന്‍റെ അയോഗ്യത നീങ്ങിയ സാഹചര്യമാണ്. അതിനാൽ കമ്മീഷന് തുടർ വിജ്ഞാപനം തെരഞ്ഞെടുപ്പിനായി ഇറക്കാനാകില്ല. 

ഇതിനിടെ ഫൈസലിന്‍റെ ശിക്ഷവിധി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ അപ്പീൽ നൽകി. തെളിവുകളും കണ്ടെത്തലുകളും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടിയെെന്ന് അപ്പീലീൽ പറയുന്നു. കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന ഹൈക്കോടതി നീരീക്ഷണം തെറ്റാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.

click me!