'മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നു'; ടിവി പരിപാടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്

By Web TeamFirst Published Sep 15, 2020, 8:17 PM IST
Highlights

യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകാണെന്നാണ് ടിവി പരിപാടിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.
 

ദില്ലി: മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സ്വകാര്യ ടിവി ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും നിങ്ങള്‍ക്ക് ഒരു സമുദായത്തെ പ്രത്യേക സന്ദര്‍ഭത്തില്‍ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകാണെന്നാണ് ടിവി പരിപാടിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണ് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് ഉത്തരവിട്ടത്. 

ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് സമുദായത്തെയോ വ്യക്തിയെയോ അധിക്ഷേപിക്കുന്നത് വലിയ രീതിയില്‍ ബാധിക്കും. മുസ്ലിം സമുദായത്തെ മാത്രമല്ല, സിവില്‍ സര്‍വീസ് തെരഞ്ഞെടുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് പരിപാടി. പേയിളകിയ എന്നാണ് പരിപാടിയെ ബെഞ്ച് നിരീക്ഷിച്ചത്. ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കോടതി വിമര്‍ശിച്ചു. 

ഒരു പ്രത്യേക സമുദായത്തിലുള്ളവര്‍ സിവില്‍ സര്‍വീസിലേക്ക് പ്രവേശനം നേടുന്നതാണ് അവതാരകന്റെ പരാതി. ഇത് എത്ര വഞ്ചനപരമാണ്. ഇത്തരം പരാതികള്‍ യുപിഎസ്സി പരീക്ഷകളെ സംശയമുനയിലാക്കില്ലേ. വസ്തുതാപരമല്ലാത്ത ഇത്തരം ആരോപണങ്ങള്‍ എങ്ങനെയാണ് അനുവദിക്കപ്പെടുവന്നത്. ഒരു പൊതുസമൂഹത്തില്‍ ഇത്തരം പരിപാടി അനുവദിക്കാന്‍ കഴിയുമോ കോടതി ചോദിച്ചു. മാന്യതയും അന്തസും നഷ്ടപ്പെടുത്തുന്ന ഇത്തരം പരിപാടികളെ എങ്ങനെ നിയന്ത്രിക്കാനാകും. ഭരണകൂടത്തിന് സാധിക്കില്ലേയെന്നും കോടതി ആരാഞ്ഞു. മാധ്യമസ്വാതന്ത്ര്യം മഹത്തരമാണെന്നും നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.  ചില പരിപാടികളില്‍ ഹിന്ദു ഭീകരത എന്നത് ഹൈലൈറ്റ് ചെയ്ത് വരുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ സര്‍വീസുകളില്‍ കൂടുതലായി മുസ്ലീങ്ങള്‍ എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പരിപാടിയില്‍ പറഞ്ഞിരുന്നുത്. എന്നാല്‍, ഇത്ര അപകീര്‍ത്തികരമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നത് ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു. ജഡ്ജിമാരായ ഇന്ദുമല്‍ഹോത്ര, കെഎം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
 

click me!