
ദില്ലി: ദില്ലി പോലീസ് വനിതാ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്നതടക്കമുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോൺഗ്രസ് പ്രവർത്തകർ സുപ്രീം കോടതിക്കകത്ത് മുദ്രാവാക്യം വിളിച്ചതിനെതിരായ ബി ജെ പി ഹർജിയും അന്ന് പരിഗണിക്കും. ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായി ഇന്ത്യാസഖ്യം ഇന്നലെ നൽകിയ ഹർജിയിലെ പിഴവുകൾ തിരുത്തി നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് ഉടൻ തന്നെ തിരുത്തി നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധങ്ങൾ നേരിടാനുള്ള പോലീസ് നടപടിക്കിടെ വനിതാ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഹർജികളാണ് ഇന്ന് സുപ്രീം കോടതിയിൽ പരാമർശിച്ചത്. ജന്തർ മന്തർ സമരവേദി അല്ലാതാക്കിയ പോലീസ് ഉത്തരവിനെതിരായ ഹർജിയും സുപ്രീം കോടതിയിൽ എത്തി. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി മോഹനക്ക് സുഖമില്ലാത്തതിനാൽ ഇന്ന് ഹർജികൾ വിശദമായി കേട്ടില്ല. എല്ലാ ഹർജികളും ഒന്നിച്ച് വ്യാഴാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ എത്തിയപ്പോൾ പ്രവർത്തകർ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് എതിരായ ഹർജി ബി ജെ പി നേതാവ് ഗൗരവ് ഭാട്ടിയ ആണ് നൽകിയത്. ഇക്കാര്യവും വ്യാഴാഴ്ച കേൾക്കാമെന്ന് കോടതി അറിയിച്ചു. ഹർജികൾ പരിഗണിക്കുമ്പോൾ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ ചോദിച്ചറിയാൻ എളുപ്പമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദില്ലി ചലോ മാർച്ചിന് ശേഷം ഇന്നലെ ഇന്ത്യ സഖ്യ നേതാക്കൾ ഒന്നിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ഇത് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. കോർട്ട് ഫീ അടച്ചതിൽ 220 രൂപയുടെ കുറവുണ്ട് എന്നതടക്കം 14 പിഴവുകൾ രജിസ്ട്രി ചൂണ്ടിക്കാട്ടി. ഹർജിയിലെ പിഴവുകൾ തിരുത്തി നൽകിയാൽ വ്യാഴാഴ്ച ഇകാര്യവും സുപ്രീം കോടതി പരിഗണിച്ചേക്കും. അടുത്തയാഴ്ച ദസറ അവധിയായതിനാൽ ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ സുപ്രീം കോടതി തീരുമാനം വൈകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam