
ദില്ലി: വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ യുപിയിൽ രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസിൽ നടപടിയെടുക്കാൻ ആവശ്യമായ യുപി സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.
2022 ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന പരാമർശം നടത്തിയത്. സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബഞ്ച് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ചരിത്രമറിയാതെ രാഹുൽഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ സവർക്കരെ പുകഴ്ത്തി കത്തെഴുതിയതിനെ കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചിരുന്നു.
വൈസ്രോയിക്ക് കത്തയക്കുമ്പോൾ മഹാത്മാഗാന്ധിയും നിങ്ങളുടെ വിശ്വസ്തസേവകൻ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. ഒരു പാർട്ടിയുടെ നേതാവായ രാഹുൽ ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കരുതെന്നും സവർക്കറെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ അധിക്ഷേപിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. പ്രസ്താവന ആവർത്തിക്കില്ലെന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെതിരായ ലക്നൗ കോടതി നോട്ടീസ് സ്റ്റേ ചെയ്ത രണ്ടംഗ ബെഞ്ച് ഉറപ്പ് ലംഘിച്ചാൽ സ്വമേധയാ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam