മരിക്കുന്നതിന് തൊട്ടുമുൻപ് നിധി തിവാരി ഫോണിലൂടെ തർക്കമുണ്ടായതായും വാട്ട്‌സ്ആപ്പിൽ വൈകാരികമായ സ്റ്റാറ്റസ് പങ്കുവെച്ചതായും വിവരമുണ്ട്. ഫോൺകോളും, നിധിയുടെ ഡിജിറ്റൽ ഇടപാടുകളും മൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭോപാൽ: മധ്യപ്രദേശിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നിധി. 2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം ചൂടിയതോടെയാണ് നിധി തിവാരി മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ സജീവമായത്. സിനിമയിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെയാണ് ശനിയാഴ്ച നിധിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂസ മോഡിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് നിധിയുടെ മൃതദേഹം കണ്ടെത്തിയത്.
മരിക്കുന്നതിനു തൊട്ടുമുൻപ് നിധി ഫോണിൽ ആരോടോ സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ തർക്കമുണ്ടായതായും പിന്നീട് മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തുകടക്കുകയായിരുന്നുവെന്നുമാണ് വിവരം. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു നിധി. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അവസാനമായി നിധിക്ക് വന്ന ഫോൺകോളും, നിധിയുടെ ഡിജിറ്റൽ ഇടപാടുകളും മൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
മരണത്തിന് തൊട്ടുമുമ്പ് നിധി വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച വൈകാരികമായ സ്റ്റാറ്റസും വാർത്തകളിൽ നിറയുന്നുണ്ട്. മരണത്തിലേക്കു നയിച്ച യഥാർഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മൊർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോൾ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


