
ദില്ലി: 25 വർഷങ്ങൾക്ക് ശേഷം നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. കേസ് പുനഃപരിശോധിക്കുമ്പോൾ നിലവിലെ എം പിമാർക്കും എം എൽ എമാർക്കുമാണ് പണി വരിക. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എൽ എമാർക്കും എം പിമാർക്കും ക്രിമിനൽ കേസുകളിൽ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.
1998 ലെ പി വി നരസിംഹ റാവു കേസിലെ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഉത്തരവിട്ടത്. നിയമ സഭയിലോ ലോക്സഭയിലോ പണം വാങ്ങി വോട്ടു ചെയ്താൽ ഭരണഘടനയുടെ ആർട്ടിക്കിൾ 105 (2), ആർട്ടിക്കിൾ 194 പ്രകാരം പരിരക്ഷയുണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത മഹാരാഷ്ട്ര നിയമസഭയിലെ എം എൽ എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാത്തതിൽ സ്പീക്കർ രാഹുൽ നർവേക്കർക്കെതിരെ വിമർശനമുണ്ടായി എന്നതാണ്. അയോഗ്യത വിഷയത്തിൽ തീരുമാനം സ്പീക്കറുടെ തീരുമാനം അനന്തമായി നീളുന്നതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. തീരുമാനം ഇനിയും അനന്തമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ തീരുമാനം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി വിധി വന്നശേഷം സ്പീക്കർ എന്തെടുക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. എം എൽ എമാരുടെ അയോഗ്യത വിഷയത്തിൽ സ്പൂക്കർ തീരുമാനമെടുക്കണമെന്ന് മെയ് മാസത്തിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടത്. ഇത്രയും മാസമായിട്ടും തീരുമാനം എടുക്കാത്തതോടെയാണ് സുപ്രീം കോടതി രാഹുൽ നർവേക്കറെ വിമർശിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.