റഫാൽ ഇടപാടിൽ മോദിയെ ചേര്‍ത്ത് പുതിയ അന്വേഷണം വേണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി 

Published : Aug 29, 2022, 12:46 PM ISTUpdated : Aug 29, 2022, 12:48 PM IST
റഫാൽ ഇടപാടിൽ മോദിയെ ചേര്‍ത്ത് പുതിയ അന്വേഷണം വേണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി 

Synopsis

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് രംഗത്തെത്തിയത്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. 

ദില്ലി: റഫാല്‍ ഇടപാടില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഇന്ത്യയിലെ ഇടനിലക്കാരന് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന  മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് അഡ്വ. എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സുപ്രീം കോടതിയുടെ ഇടപെടൽ സംബന്ധിച്ച ഒരു കേസും ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന് ശേഷം ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ വീണ്ടും അപേക്ഷ നൽകി. അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. സിബിഐക്ക് മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് രംഗത്തെത്തിയത്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധ വിമാന കരാറില്‍ സുഷേൻ ഗുപ്തയെന്നയാള്‍ ഇടനിലക്കാരനായിരുന്നുവെന്ന് മീഡിയപാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് 7.5 മില്ല്യണ്‍ യൂറോ ദസോ ഏവിയേഷൻ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്‍റര്‍സ്റ്റെല്ലാ‍ർ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007-2012 കാലത്താണ് ഈ പണം ഇന്‍റർസ്റ്റെല്ലാറിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സുഷേൻ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബർ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കി.

റഫാല്‍ കരാര്‍; ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കി, തെളിവുമായി ഫ്രഞ്ച് മാധ്യമം 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടർ ഇടപാടില്‍ പ്രതിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ട് പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം