
മുംബൈ: മുന്നൂറ് രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്നയാൾക്ക് ഒരു കോടി രൂപ ആദായ നികുതി അടയ്ക്കാൻ നോട്ടീസ്. മഹാരാഷ്ട്രയിലെ കല്ല്യാണിലാണ് ആദായ നികുതി വകുപ്പിന്‍റെ നടപടി. സ്വന്തമായൊരു വിട് പോലുമില്ലാത്ത ബാഹു സഹേബ് അഹിർ എന്നയാൾക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയെത്തിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.
പാൻ കാർഡും മറ്റൊരു തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് മറ്റാരെങ്കിലും വ്യാജ അക്കൗണ്ട് തുടങ്ങിയതാവാനാണ് സാധ്യതയെന്ന് വിദഗ്ദർ പറയുന്നു. വാർത്തയായതിന് പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. മധ്യപ്രദേശില്‍ ആറായിരം രൂപ മാസവരുമാനം മാത്രം വാങ്ങുന്നയാൾക്ക് കേന്ദ്ര ആദായ നികുതി വകുപ്പ് 3.49 കോടി രൂപ നികുതി ചുമത്തിയ വാര്‍ത്ത പുറത്ത് വന്നതിനൊപ്പമാണ് മഹാരാഷ്ട്രയിലെ സംഭവമെന്നതാണ് ശ്രദ്ധേയം.
മധ്യപ്രദേശിലെ ഭിന്ദില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവി ഗുപ്ത, തനിക്ക് ലഭിച്ച ഇൻകം ടാക്സ് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി 132 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്. ഇത് പ്രകാരം 3.49 കോടി രൂപ സർക്കാരിലേക്ക് നികുതിയായി അടയ്ക്കണം.
2018-19 സാമ്പത്തിക വർഷത്തിലാണ് നോട്ടീസ് ലഭിച്ചത്. 2019 മാർച്ച് 31 ന് മുൻപ് നികുതിയടക്കണം എന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ വെറും ആറായിരം രൂപ മാത്രം പ്രതിമാസ വേതനമുള്ള രവി ഗുപ്തയ്ക്ക് ഇത്രയും ഭീമമായ തുക എങ്ങിനെ സമാഹരിക്കണമെന്നോ, എന്തിന് സർക്കാരിലേക്ക് അടയ്ക്കണമെന്നോ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല.
മാർച്ച് 31 ന് നികുതിയടക്കാതിരുന്ന സാഹചര്യത്തിൽ രവി ഗുപ്തയ്ക്ക് ആദായ നികുതി വകുപ്പ് അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. ഇതോടെ സഹായമഭ്യർത്ഥിച്ച് മഹാരാഷ്ട്ര പൊലീസിലും മധ്യപ്രദേശ് പൊലീസിലും രവി ഗുപ്ത പരാതി നൽകി. ഇതിന് പുറമെ റിസർവ് ബാങ്കിലും ഇദ്ദേഹം പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെയായും ആരും രവി ഗുപ്തയുടെ പരാതിക്ക് എന്തെങ്കിലും മറുപടി നൽകിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam