
ന്യൂ ഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അത്തരം നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അതത് ജഡ്ജിമാര്‍ തന്നെയാണെന്നും ഇത് സംബന്ധിച്ച നിയമ നിര്‍മാണം നടത്തേണ്ടത് സര്‍ക്കാറാണെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒരു ജഡ്ജി അത്തരം നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന തീരുമാനം അയാള്‍ക്ക് തന്നെ വിടുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിയമം പാസാക്കണമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും വിരമിച്ച ജഡ്ജിമാര്‍ കൈയാളുന്ന നിരവധി പദവികളുണ്ടെന്ന് കോടതി വിലയിരുത്തി. "ഗവര്‍ണറുടേത് ഒരു ഭരണഘടനാ പദവിയാണ്. ട്രൈബ്യൂണല്‍ നിയമനങ്ങളും അങ്ങനെയെങ്കില്‍ തടയേണ്ടി വരുമോ" എന്നും കോടതി ഹര്‍ജി പരിഗണിക്കവെ ആരാഞ്ഞു. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
അതേസമയം സര്‍ക്കാറിന്റെ വിവേചന അധികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനങ്ങള്‍ മാത്രമാണ് ഹര്‍ജിയില്‍ ഉദ്ദേശിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അത്തരം നിയമനങ്ങള്‍ക്ക് വിരമിച്ച ശേഷം രണ്ട് വര്‍ഷത്തെ ഇടവേള നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ കോടതികളുടെ സ്വാതന്ത്ര്യവും നിക്ഷ്പക്ഷതയും ഉറപ്പാക്കാനും സര്‍ക്കാറില്‍ നിന്നും മറ്റ് സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദങ്ങളില്‍ നിന്ന് അത് മുക്തമാണെന്ന് പൗരന്മാര്‍ക്ക് ബോധ്യപ്പെടാനും വേണ്ടിയാണ് ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എസ് അബ്ദുല്‍ നാസീറിനെ ഒരു മാസത്തിനകം ആന്ധ്രപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നു.
Read also: 'ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം'; ഹൈക്കോടതിക്കെതിരെ എം എം മണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam