
ദില്ലി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലാണ് മാർച്ച് 14ന് തീപ്പിടിച്ചത്. തീയണച്ച ശേഷം നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനിടെയാണ് ഫയർഫോഴ്സും പൊലീസ് ഉദ്യോഗസ്ഥരും മുറിയിൽ നിന്ന് കത്തി നിലയുള്ള കറൻസി നോട്ടുകൾ കണ്ടെത്തുന്നത്. പാതി കത്തിയ നോട്ട് കെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ദില്ലി പൊലീസ് കമ്മീഷണറും ഈ സമയത്ത് ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും നൽകിയിരിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
എന്നാൽ സംഭവ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ല എന്ന ജസ്റ്റിസ് വർമ്മയുടെ വിശദീകരണം. ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി വിശദീകരിക്കുന്നു. കത്തിയ നോട്ടുകൾ തൻറെ മകളെയോ സ്റ്റാഫിനെയോ കാണിച്ചിട്ടില്ല. താനും കുടുംബവും താമസിക്കുന്ന സഥലത്ത് നോട്ട് കണ്ടെത്തിയില്ല. കത്തിയ മുറിയിൽ നിന്ന് മാറ്റിയ അവശിഷ്ടങ്ങൾ വീട്ടുവളപ്പിലുണ്ടെന്നും ജഡ്ജി വിശദീകരിക്കുന്നു. അതിൽ നോട്ടുകെട്ടുകളില്ലെന്നും ജഡ്ജി അവകാശപ്പെടുന്നു. നാലോ അഞ്ചോ ചാക്കിൽ നോട്ടുകെട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് കമ്മീഷണർ നൽകിയിരിക്കുന്ന മൊഴി.
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച
ഈ സാഹചര്യത്തിലാണ് ജഡ്ജിയിലെ വസതിയിലെ ജീവനക്കാരടക്കം ഉപയോഗിക്കാനാകുന്ന മുറിയിൽ തീപ്പിടുത്തം ഉണ്ടായതിലും നോട്ടു കെട്ടുകൾ കണ്ടെത്തിയതിലും വിശദമായ അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സുപ്രീംകോടതി തുടർ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താനും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam