Covid India: കൊവിഡ് ധനസഹായം; സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

Web Desk   | Asianet News
Published : Jan 19, 2022, 03:18 PM ISTUpdated : Jan 19, 2022, 03:37 PM IST
Covid India: കൊവിഡ് ധനസഹായം; സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

Synopsis

അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. ധനസഹായം കുട്ടികളുടെ പേരിൽ നല്കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത് നൽകുന്നത് എന്നും കോടതി നിർദ്ദേശിച്ചു. 

ദില്ലി: കൊവിഡ് (Covid)  ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങൾ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങൾക്ക്   സുപ്രീം കോടതിയുടെ (Supreme Court)  നിർദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. 

ധനസഹായം കുട്ടികളുടെ പേരിൽ നല്കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത് നൽകുന്നത് എന്നും കോടതി നിർദ്ദേശിച്ചു. സഹായത്തിന് അപേക്ഷിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കണം എന്നും കോടതി പറഞ്ഞു. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. 

കേരളത്തിൽ കൊവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കുറയുന്നു എന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളിൽ 60 ശതമാനം മാത്രമാണ് അപേക്ഷ നല്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടു ചെയ്ത മരണസംഖ്യയുടെ എട്ടിരട്ടി വരെ അപേക്ഷകളാണ് ധനസഹായത്തിനു ചില സംസ്ഥാനങ്ങളിൽ കിട്ടുന്നതെന്നും സുപ്രീം കോടതിയിൽ എത്തിയ രേഖകളിലുണ്ട്. ആന്ധ്രപ്രദേശ്, ബിഹാർ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരായി വിശദീകരിക്കാൻ കോടതി നിർദ്ദേശിച്ചു.

 കൊവിഡ് കാരണം മരിച്ചവർക്ക് ധനസഹായത്തിനുള്ള കേസ് കേൾക്കുമ്പോഴാണ് സുപ്രീംകോടതി കേരളത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്. കേരളത്തിലെ ഇപ്പോഴത്തെ മരണസംഖ്യ 51,026 ആണ്. ഇതുവരെ വന്ന അപേക്ഷകൾ 30,415 ആണ്. കോടതിയിൽ റിപ്പോർട്ടു നല്കുമ്പോൾ 27,274. ഇതിൽ 23,652 പേർക്ക് ധനസഹായം നല്കിയെന്ന് കേരളത്തിൻറെ റിപ്പോർട്ടു പറയുന്നു. തള്ളിയ അപേക്ഷകളുടെ എണ്ണം 178 ആണ്. ധനസഹായം തേടുന്നവരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നു എന്ന് കോടതി ചോദിച്ചു. മരിച്ചവരുടെ വീടുകളിൽ ഉദ്യോഗസ്ഥ‍ർ എത്തി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇന്ത്യയിൽ കൊവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സർക്കാർ കണക്കിൽ 4,87,202 ആണ്. എന്നാൽ ഇതിൻറെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീംകോടതിയിൽ വിവിധ സംസ്ഥാനങ്ങൾ നല്കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്.

മഹാരാഷ്ട്രയിൽ 1,41,737 ആണ് സർക്കാർ കണക്കിലെ സംഖ്യ. എന്നാൽ ഇതുവരെ ധനസഹായത്തിന് കിട്ടിയ അപേക്ഷകൾ 2,13,890 ആണ്. ഗുജറാത്തിൽ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകൾ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം.  തെലങ്കാനയിൽ നാലായിരത്തിൽ താഴെയാണ് മരണം. എന്നാൽ അപേക്ഷ കിട്ടിയവരുടെ എണ്ണം 28.969. ആന്ധ്രപ്രദേശ് മൂന്നിലൊന്നു പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്കിയത്. ബീഹാറിൽ മരണസംഖ്യ 12,090 ആണെന്ന് സർക്കാർ അറിയിച്ചു. ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.  കൊവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയിൽ ഉൾപ്പെടുത്താൻ കോടി ഉത്തരവിട്ടിരുന്നു.  ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിർദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങൾ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ സുപ്രീംകോടതി ഉത്തരവിനു ശേഷം മരണസംഖ്യ പുതുക്കിയിരുന്നു.

 ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു എന്ന് സർക്കാർ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ എങ്കിലും ഇത് മൂടിവയ്ക്കാൻ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകൾ തെളിയിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും