
ദില്ലി: 40കാരിയുടെ പരാതിയിൽ 23കാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസിൽ വാദം കേട്ട കോടതി, പ്രതി ഒൻപത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞു. രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂവെന്നും പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും 40 വയസ്സുള്ള മുതിർന്ന സ്ത്രീയാണെന്നും കോടതി പറഞ്ഞു. ദില്ലി ഹൈക്കോടതി ജാമ്യഹർജി തള്ളിയതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് ഐപിസി സെക്ഷൻ 376 പ്രകാരം പ്രതിക്കെതിരെ കേസെടുത്തതെന്ന് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ''പരാതിക്കാരിയും പ്രതിയും ഏഴ് തവണ ജമ്മുവിലേക്ക് യാത്ര പോയിട്ടുണ്ട്. സ്ത്രീ സ്വമേധയായാണ് യുവാവിനൊപ്പം പോയത്. അതിൽ അവരുടെ ഭർത്താവിന് പ്രശ്നമില്ല. പിന്നെന്തിനാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്''- ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
നാൽപ്പതുകാരിയുെട പരാതിയുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ദില്ലി പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഏഴുമാസമായി പ്രതി ജയിലിലാണ്. യുവാവുമായി സ്വന്തം വസ്ത്രബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടതോടെയാണ് ഇരുവരും അടുപ്പത്തിലായത്.
പരസ്യത്തിനായി പ്രതി ജമ്മുവിലെ ആപ്പിൾ സ്റ്റോർ വഴി ഐഫോൺ ആവശ്യപ്പെട്ടു. തുടർന്ന് യുവതി ഐഫോൺ നൽകി.
എന്നാൽ, പ്രതി ഫോൺ വിൽക്കാൻ ശ്രമിച്ചതോടെ ബന്ധം വഷളായി. വിൽപ്പനക്കാരൻ സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം തിരികെ നൽകി. എന്നാൽ 20,000 രൂപ കുറച്ചതിനുശേഷമാണ് പണം നൽകിയത്. 2021 ഡിസംബറിൽ, 20,000 രൂപ തിരികെ നൽകാനും ക്ഷമ ചോദിക്കാനും പ്രതി നോയിഡയിലെ സ്ത്രീയുടെ വീട്ടിൽ പോയി. തുടർന്ന് കൊണാട്ട് പ്ലേസിലെ ഒരു ബ്രാൻഡ് ഷൂട്ടിനായി യാത്ര ചെയ്യാൻ നിർബന്ധിച്ചു. യാത്രയ്ക്കിടെ, പ്രതി ലഹരി ചേർത്ത മധുരപലഹാരങ്ങൾ നൽകിയതായും ബോധം നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുനൽകിയതിന് ശേഷം, ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പേഴ്സിൽ നിന്ന് പണം മോഷ്ടിക്കുകയും അവളുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. അതിന് ശേഷം ഭീഷണിപ്പെടുത്തി ജമ്മുവിലേക്ക് പോകാൻ സ്ത്രീയെ നിർബന്ധിച്ചു. അവിടെ രണ്ടര വർഷക്കാലം തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam