
ദില്ലി: കർണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി. വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ നടത്തിയ 'പാകിസ്ഥാൻ പരാമർശ'ത്തിനെ കുറിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് റിപ്പോർട്ട് തേടിയത്. ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്ഥാൻ എന്ന് വിളിക്കുകയും ഒരു അഭിഭാഷകയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
"മൈസൂരു റോഡിലെ മേൽപ്പാലത്തിൽ പോയാൽ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ എത്തുക ഇന്ത്യയിൽ അല്ല പാകിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാർത്ഥ്യം"- എന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.
അഭിഭാഷകയോട് ഒരു വാദത്തിനിടെ ജഡ്ജി പറഞ്ഞത് ഇങ്ങനെയാണ്- എതിർകക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്‍റെ നിറം പോലും വെളിപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നു". ഈ രണ്ട് പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആർ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജഡ്ജിയുടെ പരാമർശത്തെ കുറിച്ച് കർണാടക ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയത്. ഭരണഘടനാ കോടതി ജഡ്ജിമാർക്ക് അവരുടെ പരാമർശങ്ങൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജിമാരുടെ പരാമർശങ്ങൾ കോടതികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മര്യാദയ്ക്ക് അനുയോജ്യമായിരിക്കണം. ചില അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ നൽകാമെന്നും ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ട് അടുത്ത ആഴ്ച ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam