
ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ നീക്കവുമായി സുപ്രീംകോടതി. കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് സുപ്രീംകോടതിയുടെ ചോദ്യം. അതിജീവിതയോടാണ് കോടതി ഇക്കാര്യം ആരാഞ്ഞത് കേസിലെ കാര്യങ്ങളും സാഹചര്യവും പരിശോധിക്കുമ്പോൾ വിഷയം മധ്യസ്ഥതയിലൂടെ പരിഹരിച്ചു കൂടെ എന്ന് കോടതി ആരാഞ്ഞു. തുടർന്ന് ഈ കാര്യം പരിശോധിക്കാൻ കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെന്ററിന് വിട്ടു. ഇരുകക്ഷികളും ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചു. സാധാരണ ലൈംഗിക അതിക്രമ പരാതികളിൽ ഉത്തരം നടപടികൾ സുപ്രീം കോടതി സ്വീകരിക്കാറില്ല. വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നുതിനിടെയാണ് അസാധാരണ നടപടി സുപ്രീം കോടതി സ്വീകരിച്ചത്. കേസിൽ നേരത്തെ വേണു ഗോപാലകൃഷ്ണന് നൽകിയ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടി. ഈ മാസം ഏഴിന് ഓൺലൈനായി ഇരുകക്ഷികളും മീഡിയേഷേൻ സെൻ്ററിൽ ഹാജരാകണം. മധ്യസ്ഥ സെൻററിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം. കേസ് അടുത്തവർഷം ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊ ങ്കർ ഹാജരായി. കേസിലെ പ്രതിയായ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനായി മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, രാകേന്ത് ബസന്ത്, അഭിഭാഷകരായ വിഷ്ണു പി, തോമസ് ആനക്കല്ലുങ്കൽ എന്നിവർ ഹാജരായി.