
ദില്ലി: രാജ്യത്തുടനീളം വിമാന സർവീസുകൾ താളം തെറ്റിയതിനെത്തുടർന്ന്, ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ടിക്കറ്റ് എടുത്തപ്പോഴുള്ള പേയ്‌മെന്‍റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.
ഈ കാലയളവിലെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ഉള്ള മുഴുവൻ ഫീസും ഒഴിവാക്കിയതായി എയർലൈൻ 'എക്സി'ലെ ഒരു പോസ്റ്റിൽ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ, സാധ്യമായ എല്ലായിടത്തും മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യവും നൽകുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ ആശയക്കുഴപ്പത്തിന് കാരണമായ ഈ തടസങ്ങളിൽ യാത്രക്കാരോട് ഇൻഡിഗോ അഗാധമായ ഖേദം പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച മാത്രം 750ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. വ്യാഴാഴ്ച 550ഉം ബുധനാഴ്ച 85ഉം വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങുകയും യാത്രാ പദ്ധതികൾ താളം തെറ്റുകയും ചെയ്തു. തലസ്ഥാനത്ത് മാത്രം എയർലൈൻ 235 വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതിദിനം 2,300 ഓളം വിമാന സർവീസുകൾ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ, തങ്ങളുടെ 400-ൽ അധികം വിമാനങ്ങളുടെ സർവീസുകളിൽ തടസം വന്നതിന് കാരണം പൈലറ്റുമാരുടെ കുറവും ശൈത്യകാല ഷെഡ്യൂൾ സമ്മർദ്ദവും ചേർന്നതാണെന്ന് വിശദീകരിച്ചു. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് നിയമങ്ങൾ ഭാഗികമായി ഒഴിവാക്കി നൽകണമെന്ന് എയർലൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണ്ണമായ നടപ്പാക്കൽ 2026 ഫെബ്രുവരിയോടുകൂടി മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നും അവർ അറിയിച്ചു. പ്രവർത്തന തകരാറിനെത്തുടർന്ന് എയർലൈനിന്‍റെ കൃത്യനിഷ്ഠയുടെ പ്രധാന അളവുകോലായ ഓൺ-ടൈം പെർഫോമൻസ് കുത്തനെ ഇടിഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇൻഡിഗോയുടെ ഒടിപി ചൊവ്വാഴ്ച 35 ശതമാനത്തിൽ നിന്ന് ബുധനാഴ്ച 19.7 ശതമാനമായും വ്യാഴാഴ്ച വെറും 8.5 ശതമാനമായും കുറഞ്ഞു. കൃത്യനിഷ്ഠയുടെ കാര്യത്തിൽ ശ്രദ്ധേയമായിരുന്ന ഒരു എയർലൈനിന് ഇത് വലിയ തിരിച്ചടിയാണ്. ഡിസംബർ എട്ട് വരെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്നും അന്നുമുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും എയർലൈൻ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്.