
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വാദത്തിനിടെ നടന്ന സംഭവങ്ങൾ അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുഖ്യമന്ത്രി തന്നെ റെയ്ഡ് തടസ്സപ്പെടുത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഇ ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ വരെ മുഖ്യമന്ത്രി തട്ടിയെടുത്തതായി സോളിസിറ്റർ ജനറൽ കോടതിയിൽ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിച്ചതെന്ന് മമത ബാനർജി തിരിച്ചടിച്ചു. വിഷയം ഹൈക്കോടതി തന്നെ പരിശോധിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷവും വാദം തുടരും. ശേഷമാകും തീരുമാനം.
തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്‍റെ തലവനുമായ പ്രദീക് ജയിന്‍റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസപ്പെടുത്തിയെന്ന് കാട്ടി ഇ ഡിയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ ബംഗാൾ സർക്കാരും തൃണമൂലും തടസഹർജിയും നൽകി. ഇതോടെയാണ് പരമോന്നത കോടതിയിൽ തൃണമൂൽ കോൺഗ്രസും ഇ ഡിയും തമ്മിൽ പോര് തുടങ്ങിയത്. 20 കോടി രൂപയുടെ കള്ളപ്പണം ഐ പാക് വഴി തൃണമൂൽ, ഗോവയിൽ എത്തിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി ഉയർത്തിയിട്ടുണ്ട്. സി ബി ഐ കേസിന് അനുബന്ധമായി എടുത്ത കേസ് നിക്ഷ്‌പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നാണ് ഇ ഡിയുടെ പ്രധാന വാദം.
അതേസമയം തൃണമൂൽ കോൺഗ്രിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ഇ ഡി. ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹവാല പണം തൃണമൂൽ കോൺഗ്രസ് ഗോവയിലെത്തിച്ചെന്ന് ഇ ഡി പറയുന്നു. 20 കോടിയുടെ ഹവാല പണം ആറ് പേർ കൈമറിഞ്ഞാണ് എത്തിച്ചത്. ഇതിൽ ഐ പാക് സഹസ്ഥാപകൻ പ്രതീക് ജയിന്‍രെ പങ്കാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മമത ബാനർജി തടസ്സപ്പെടുത്തുന്നത് വ്യക്തമായ തെളിവ് കിട്ടിയെന്ന് മനസ്സിലാക്കിയാണെന്നും ഇ ഡി ആരോപിക്കുന്നുണ്ട്. ഐ പാക്കിലെ റെയ്ഡിനെതിരെ മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ ഇ ഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് ഇതിനിടെ കേസെടുത്തിരുന്നു. ടി എം സി തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ രേഖകൾ ഇ ഡി മോഷ്ടിക്കാൻ നോക്കിയെന്നാണ് കേസ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത പൊലീസ് നടപടി തുടരുന്നുവെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam