
ദില്ലി: വരാനിരിക്കുന്ന വിവിധ സംസ്ഥാന ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് സംവരണം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. തിങ്കളാഴ്ച ഹർജിയിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2024 ല്‍ ഇതേ ഹർജിയിൽ മുൻ ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് ആദ്യം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് ഒൻപത് മാസത്തിലധികം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് കേസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പരിഗണനയ്ക്ക് എത്തിയിരുന്നില്ല. തുടർന്നാണ് പുതിയ ഹർജി നൽകിയതും സുപ്രീം കോടതി ഇപ്പോൾ വിശദവാദം കേൾക്കാൻ തീരുമാനിച്ചതും.
രാജ്യത്തെ വനിത അഭിഭാഷകരെ സംബന്ധിച്ച് ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ നിമിഷമെന്നാണ് കേസിലെ ഹർജിക്കാരിയും മലയാളി അഭിഭാഷകയുമായ യോഗ മായ പറഞ്ഞത്. നിയമഭരണ സംവിധാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും നീതിയും ഉറപ്പാക്കാനുള്ള ശ്രമത്തിൽ ഇതൊരു പ്രധാന മുന്നേറ്റമാണെന്നും യോഗ മായ അഭിപ്രായപ്പെട്ടു. കേസിൽ ഹർജിക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷക ശോഭ ഗുപ്തയാണ് ഹാജരായത്.
അതിനിടെ സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ സി സി ടി വി സ്ഥാപിച്ചതിൽ കേരള സർക്കാർ സത്യാ വാങ്മൂലം സമർപ്പിച്ചു എന്നതാണ്. കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ സി സി ടി വി ഇല്ലെന്നും ആകെ 518 പൊലീസ് സ്റ്റേഷനുകളിൽ സി സി ടി വി സ്ഥാപിച്ചുവെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷൻ, പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിൻഭാഗം എന്നിവിടങ്ങളിലും സി സി ടി വികൾ സ്ഥാപിച്ചു. കൂടാതെ ഇൻസ്പെക്ടർ, എസ് ഐ എന്നിവരുടെ മുറികളിലും സി സി ടി വി സ്ഥാപിച്ചു എന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ സുപ്രീം കോടതി ഇന്നലെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകുകയും ചെയ്തിരുന്നു.