
കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ ഭീതി പരത്തിയ ആളെക്കൊല്ലി കൊമ്പൻ ‘റോളക്സ് ‘ചരിഞ്ഞു. കഴിഞ്ഞ മാസമാണ് 4 കുങ്കിയാനകളുടെ സഹായത്തോടെ റോളക്സിനെ തളച്ചത്. രണ്ടാഴ്ച മുൻപ് ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു. 4 പേരെ കൊന്നിട്ടുള്ള റോളക്സ് വ്യാപകമായി കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയും തുടര്‍ന്നപ്പോഴാണ് വനംവകുപ്പ് പിടികൂടാൻ തീരുമാനിച്ചത്. നാട്ടുകാരുടെ സമ്മർദം ശക്തമായതോടെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി ആനയെ തുറന്നുവിട്ടെങ്കിലും ഇന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
സെപ്തംബറിൽ ആനമല കടുവ സങ്കേതത്തിലെ വെറ്ററിനറി ഓഫീസർ വിജയരാഘവനെ ആക്രമിച്ചതിനെ തുടർന്ന് ദൗത്യം അന്ന് നിർത്തിവച്ചിരുന്നു. എന്നാൽ, വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തിയതോടെ പിസിസിഎഫ് വെങ്കടേശന്റെ നേതൃത്വത്തിൽ ആനയെ പിടികൂടാൻ ശ്രമം തുടങ്ങുകയായിരുന്നു. കപിൽ ദേവ്, ബൊമ്മൻ, വസീം, ചിന്നത്തമ്പി എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ അന്ന് തളച്ചത്. തുടർന്ന് ആനമല കടുവാ സാങ്കേതത്തിൽ ടോപ് സ്ലിപ്പിനോട് ചേർന്നുള്ള വരഗളിയാർ ക്യാംപിലേക്ക് ആനയെ മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 4 പേരെ റോളക്സ് ചവിട്ടികൊന്നിട്ടുണ്ട്. മനുഷ്യരുടെ നേരേ അക്രമാസക്തനായി ഓടിയടുക്കുന്ന സ്വഭാവം ഉള്ളതിനാൽ ദൗത്യം ദുഷ്കരമായിരുന്നു. റോളക്സിനെ പിടികൂടിയതിൽ നാട്ടുകാർ വനം വകുപ്പിന് നന്ദി പറയുകയും ചെയ്തിരുന്നു.