പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ സോമനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. 108 കുതിരകളണിനിരന്ന ഷൗര്യ യാത്രയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം, ക്ഷേത്ര ചരിത്രത്തെച്ചൊല്ലി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചു

അഹമ്മദാബാദ്: ചരിത്ര പ്രസിദ്ധമായ സോമനാഥ് ക്ഷേത്രത്തിൽ സ്വാഭിമാൻ ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥ് ക്ഷേത്രത്തിനെതിരായ നടന്ന ആക്രമണങ്ങൾ മൂടി വയ്ക്കാൻ ജവഹർലാൽ നെഹ്റു ശ്രമിച്ചു എന്ന പരോക്ഷ ആരോപണവും നരേന്ദ്ര മോദി ഉന്നയിച്ചു. സോമനാഥിന്‍റെ ചരിത്രം മൂടി വയ്ക്കാൻ ശ്രമിച്ചെന്ന ആരോപണമടക്കം കോൺഗ്രസിനെതിരെയും മോദി ഉയർത്തി. ഇന്ത്യയുടെ സംസ്കാരത്തിനെതിരായി മതമൗലികവാദികളുടെ ഭീഷണി തുടരുന്നു എന്നും ഇത് ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി ആഹ്വാനം ചെയ്തു. 108 കുതിരകളുടെ സാന്നിധ്യത്തോടെ സംഘടിപ്പിച്ച ഷൗര്യ യാത്രയ്ക്ക് നേതൃത്വം നല്കിയ ശേഷമാണ് നരേന്ദ്ര മോദി, സോമനാഥ് ക്ഷേത്രത്തിലെത്തിയത്. സോമനാഥ് ക്ഷേത്രത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന് ആയിരം വർഷം തികയുമ്പോളാണ് സ്വാഭിമാൻ പർവ്വ് സംഘടിപ്പിച്ചത്. ക്ഷേത്ര സംരക്ഷണത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ആദരിക്കുന്നതിന് വേണ്ടിയായിരുന്നു ശൗര്യ യാത്ര സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെത്തിയ മോദി പ്രത്യേക പൂജയും നടത്തി. മോദിയെ സ്വീകരിക്കാനുള്ള കലാരൂപങ്ങളുടെ കൂട്ടത്തിൽ പുലികളിയും ചെണ്ടമേളവും ഉണ്ടായിരുന്നു. കേരളത്തിലെ കലാകാരന്മാർക്കൊപ്പം ചേർന്ന് മോദി ചെണ്ട കൊട്ടുകയും ചെയ്തു.

കോൺഗ്രസിനും നെഹ്റുവിനും വിമർശനം

കോൺഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു മോദിയുടെ പ്രസംഗം. സോമനാഥ് ക്ഷേത്രത്തിനു നേർക്ക് മഹ്മൂദ് ഗസ്നി മുതൽ നടത്തിയ ആക്രമണം വെറും മോഷണമായ ചിത്രീകരിക്കാനാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള സർക്കാർ ശ്രമിച്ചതെന്നായിരുന്നു മോദിയുടെ വിമർശനം. ഭാരത സംസ്കാരത്തെയാണ് മതതീവ്രവാദികൾ തുടർച്ചയായി ക്ഷേത്രം ആക്രമിച്ചതിലൂടെ ലക്ഷ്യം വച്ചത്. ക്ഷേത്രം പുനരുദ്ധരിക്കാനുള്ള സർദാർ വല്ലഭായ് പട്ടേലിന്‍റെ നിർദ്ദേശത്തെ ചിലർ തടഞ്ഞെന്ന് ജവഹർലാൽ നെഹ്റുവിനെ സൂചിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു. പുതുക്കി പണിഞ്ഞ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ രാജേന്ദ്ര പ്രസാദ് എത്തുന്നതും തടയാൻ ശ്രമം നടന്നു. പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും തീവ്ര ശക്തികളുടെ ഭീഷണിക്കെതിരെ ഇപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

തിരിച്ചടിച്ച് കോൺഗ്രസ്

ചരിത്രം വളച്ചൊടിക്കുന്നത് മോദി തുടരുന്നു എന്നും നെഹ്റു സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കുന്നതിനെ ഒരിക്കലും എതിർത്തില്ലെന്നും കോൺഗ്രസ് തിരിച്ചടിച്ചു. നെഹ്റുവിനെതിരായ മോദിയുടെ വിമർശനം ചരിത്രത്തെ വളച്ചൊടിക്കലാണെന്നും കോൺഗ്രസ് വിവരിച്ചു. തമിഴ്നാട്ടിൽ സനാതന ധർമ്മ വിവാദവും ബംഗാളിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമവും തെരഞ്ഞെടുപ്പ് വിഷയമായി മാറുമ്പോഴാണ് സോമനാഥ് ക്ഷേത്രത്തെ ഹിന്ദുക്കൾക്കെതിരായ ആക്രമത്തിന്‍റെ പ്രതീകമായി അവതരിപ്പിച്ചു കൊണ്ടുള്ള മോദിയുടെ രാഷ്ട്രീയ നീക്കം.