
ദില്ലി: ഏകീകൃത വ്യക്തിനിയമത്തിൽ (ഏക സിവില്‍ കോഡ്) വിമർശനവുമായി സുപ്രീംകോടതി. സുപ്രീംകോടതിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ട് പോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാൻ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിമർശിച്ചു.
ഗോവ മാത്രമാണ് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയിട്ടുള്ള ഏക സംസ്ഥാനം. മത വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യം അവകാശം ഉറപ്പാക്കാൻ ഗോവ സ്വീകരിച്ച നടപടികൾ മികച്ച ഉദാഹരണമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവന്‍ സ്വദേശികളുടെ സ്വത്ത് തർക്ക കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ പരാമർശം.
എന്താണ് ഏകീകൃത വ്യക്തിനിയമം?
ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിർമാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.
ഭരണഘടനയുടെ 44-ാം ഖണ്ഡികയില്‍ ഏകീകൃത വ്യക്തിനിയമം ഇന്ത്യയിൽ നടപ്പാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു പറയുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കാതെ വന്നപ്പോള്‍ സുപ്രീംകോടതിതന്നെ ഇക്കാര്യം പലപ്പോഴായി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam