
ദില്ലി: ഉന്നാവ് കേസ് പരിഗണിക്കവെ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു. നിയമപരമായ എന്ത് നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീംകോടതി പെട്ടിത്തെറിക്കുകയായിരുന്നു. ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയുടെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് കോടതി പെൺകുട്ടിയെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമോ എന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടറോട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സോളിസിറ്റ് ജനറൽ തുഷാർ മേത്ത കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി ഉത്തരവ് പുറപ്പെടുവിക്കും.
അതേസമയം, കേസ് വാദിക്കുന്നതിനിടെ കേസിലെ അമിക്കസ്ക്യുരിയായ അഭിഭാഷകൻ വി ഗിരി വികാരാധീനനായി. ഉന്നാവ് സംഭവം ഏറ്റവും ഹീനമായ കുറകൃത്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചൂണ്ടിക്കാട്ടി. കേസിൽ ഗൗരമായ നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും ചോദ്യങ്ങളും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി: അപകടത്തെക്കുറിച്ച് (ഉന്നാവ് കേസ് ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവം) അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് എത്ര സമയം വേണ്ടി വരും?
തുഷാര്‍ മേത്ത (സോളിസിറ്റര്‍ ജനറല്‍ ): ഒരു മാസം വേണം
ചീഫ് ജസ്റ്റിസ്: ഒരു മാസമോ ? പറ്റില്ല ഏഴ് ദിവസം കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് തരണം... പെണ്‍കുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണ്?
തുഷാര്‍ മേത്ത (സോളിസിറ്റര്‍ ജനറല്‍ ): ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
ചീഫ് ജസ്റ്റിസ്: കുട്ടിയെ ആശുപത്രിയില്‍ നിന്നും മാറ്റാവുന്ന സ്ഥിതിയിലാണോ? അവളെ ആശുപത്രിയില്‍ മാറ്റുകയല്ല എയര്‍ ലിഫ്റ്റ് ചെയ്തു കൊണ്ടു വരാനാണ്. ഇക്കാര്യം നമ്മുക്ക് എയിംസിലെ (ദില്ലി എയിംസ്) വിദഗ്ദ്ധരോട് ചോദിക്കാം.
ചീഫ് ജസ്റ്റിസ്: ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് വീണ്ടും ഞങ്ങള്‍ പരിഗണിക്കും. ഉന്നാവ് സംഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇരയായ പെണ്‍കുട്ടിയുടേയും അവളുടെ അഭിഭാഷകന്‍റേയും ചികിത്സ യുപിയില്‍ നിന്നും മാറ്റാനുള്ള ഉത്തരവ് ഞങ്ങള്‍ ഇറക്കും. ഡോക്ടര്‍മാരാണ് മികച്ച ജഡ്ജിമാര്‍. പെണ്‍കുട്ടിയേയും അഭിഭാഷകനേയും ദില്ലിയിലേക്ക് കൊണ്ടു വരാനാകുമോ എന്ന കാര്യം അവര്‍ തീരുമാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam