ജീവന് ഭീഷണി ഉണ്ടായിരുന്നു; ഉന്നാവ് കേസിലെ പെൺകുട്ടിയുടെ അഭിഭാഷകന്റെ കത്ത് പുറത്ത്

By Web TeamFirst Published Aug 1, 2019, 12:55 PM IST
Highlights

സുരക്ഷാ ഭീഷണി കാരണം സ്വയരക്ഷയ്ക്ക് തോക്ക് നൽകണമെന്നാണ് അഭിഭാഷകൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 15-നാണ് അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകിയത്. 

ദില്ലി: സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സം​ഗക്കേസിൽ ഇരയായ പെൺകുട്ടിയുടെ അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്. സുരക്ഷാ ഭീഷണി കാരണം സ്വയരക്ഷയ്ക്ക് തോക്ക് നൽകണമെന്നാണ് അഭിഭാഷകൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 15-നാണ് അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകിയത്.

അപകടസമയത്ത് പെൺകുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന അഭിഭാഷകൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടി സഞ്ചരിച്ച കാറിന് നേരെ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു. ഇവരിലൊരാള്‍ കേസിലെ സാക്ഷിയാണ്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലഖ്‌നൗവിലെ കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിം​ഗിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് കൃഷി സഹമന്ത്രി രവീന്ദ്ര പ്രതാപ് സിം​ഗിന്റെ മരുമകൻ അരുൺ സിം​ഗ് അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.   

click me!