
ദില്ലി: ഹാഥ്‍റസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. എസ്എ ബോബ്‍ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിന്‍റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹാഥ്റസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലീസ് കേസെടുത്തു. രാജ്യദ്രോഹ കുറ്റത്തിന് പുറമെ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഗൂഡാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍, അപവാദ പ്രചാരണം, വഞ്ചനാകുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് സജീവമായ ജസ്റ്റിസ് ഫോര്‍ ഹാഥ്റസ് വിക്ടിം എന്ന വെബ്സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
സമരങ്ങളിലെ പൊലീസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ അടുത്തിടെ കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന ആഹ്വാനം വെബ്സൈറ്റിലുണ്ടെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതേസമയം ഫൊറന്‍സിക് പരിശോധനാ ഫലം ഉയര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസ് വാദത്തെ തള്ളുന്നതാണ് അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍.
ഫൊറന്‍സിക് പരിശോധനയ്ക്കായി 96 മണിക്കൂറിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കണമെന്നിരിക്കേ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസം കഴിഞ്ഞാണ് സാമ്പിള്‍ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam