
ദില്ലി: പോസ്കോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിന്‍റെതാണ് തീരുമാനം. അടുത്ത ഫെബ്രുവരിയില്‍ പുഷ്പ ഗനേഡിവാലയുടെ അഡീഷണല്‍ ജഡ്ജി കാലാവധി തീരാനിരിക്കെയാണ് സുപ്രിം കോടതിയുടെ നടപടി.
വിവാദ ഉത്തരവുകളെ തുടര്‍ന്ന് നേരത്തെ ഇവര്‍ക്ക് സ്ഥിരം പദവി നല്‍കേണ്ടെന്ന സുപ്രീം കോടതി തീരുമാനത്തെ കേന്ദ്രം ഇടപെട്ട് മയപ്പെടുത്തിയിരുന്നു. അഡീഷണൽ ജഡ്ജി സ്ഥാനം രണ്ടുവര്‍ഷത്തേക്ക് നീട്ടാനുള്ള കൊലീജിയം ശുപാര്‍ശ ഒരു വര്‍ഷമായി ചുരുക്കിക്കൊണ്ട് കേന്ദ്രം ജഡ്ജി പുഷ്പ ഗനേഡിവാലയ്ക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. അതോടൊപ്പം സ്ഥിരം ജഡ്ജി നിയമനം ഉടൻ നൽകേണ്ട എന്ന കൊളീജിയം തീരുമാനവും കേന്ദ്രം തടഞ്ഞിരുന്നു.
കേന്ദ്ര തീരുമാനത്തെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇപ്പോള്‍ ജഡ്ജി പുഷ്പ ഗനേഡിവാലയുടെ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം നിയമം സുപ്രിം കോടതി തടഞ്ഞത്. ഇതോടെ ബോംബെ ഹൈക്കോടതിയിൽ താൽക്കാലിക ജഡ്ജിയായ ജസ്റ്റിസ് ഗനേഡിവാല ഫെബ്രുവരിയിൽ തന്‍റെ കാലാവധി അവസാനിക്കുമ്പോൾ ജില്ലാ ജഡ്ജി തസ്തികയിലേക്ക് വീണ്ടും മടങ്ങേണ്ടിവരും.
ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗീക പീഡനമായി കണക്കാക്കാനാവില്ലെന്ന പുഷ്പ ഗനേഡിവാലയുടെ വിധി ഏറെ വിവാദമായിരുന്നു. ഈ വിധി പിന്നീട് സുപ്രംകോടതി റദ്ദാക്കി. അതേസമയം ബോംബെ ഹൈക്കോടതിയില്‍ മറ്റ് മൂന്ന് ജഡീഷണല്‍ ജഡ്ജിമാരെ കൊളീജിയം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam