
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായായ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. ധൃതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ് കോടതി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച്, എന്താണ് സൗജന്യക്ഷേമ പദ്ധതികൾ എന്ന് നിർവചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി.
സൗജന്യ പദ്ധതികളുടെ പേരിൽ ഇലക്ട്രാണിക്സ് ഉപകരണങ്ങൾ അടക്കം നൽകുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാൻ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാൽ ഈ വിഷയത്തിൽ വിശദമായ ചർച്ചയും സംവാദവും നടക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങളെ എതിർക്കുന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു.
സൗജന്യ പദ്ധതികൾ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എ എ പി, കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾ കോടതിയെ അറിയിച്ചു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ നേരത്തെ കേസ് പരിഗണിക്കുമ്പോൾ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും. നേരത്തെ പ്രധാനമന്ത്രിയടക്കം സൗജന്യ പദ്ധതികൾക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam