പൊതുനിരത്ത് അനിശ്ചിതകാലം തടയരുത്; ഷഹീൻബാ​​ഗ് സമരത്തെ വിമർശിച്ച് സുപ്രീംകോടതി

By Web TeamFirst Published Oct 7, 2020, 11:15 AM IST
Highlights

 ജനാധിപത്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങൾ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകൾ കയ്യടക്കിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ദില്ലി: പൗരത്വഭേ​​ദ​ഗതിക്കെതിരായ ഷഹീൻബാ​ഗിലെ സമരത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊതുനിരത്തുകൾ അനിശ്ചിതകാലത്തേക്ക് കയ്യടിക്കിവെക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങൾ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകൾ കയ്യടക്കിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീൻ ബാഗ് പോലുള്ള സമരങ്ങളിൽ കണ്ടത്. സമൂഹത്തിൽ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്നുണ്ട്. അത് ഷഹീൻ ബാഗ് സമരത്തിൽ പ്രതിഫലിച്ചു. പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ ഒഴിപ്പിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് സമരങ്ങൾ പാടില്ല. പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ ഒഴിപ്പിക്കാൻ പലപ്പോഴും കോടതിക്ക് ഇടപെടേണ്ടിവരുന്നതായും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.  

ജസ്റ്റിസ് കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ‌‍‍ ഷഹീൻബാ​ഗ് കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഷഹീൻബാ​ഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‌‍ ഹർജി എത്തിയത്. പിന്നീട് മാർച്ച് മാസത്തിൽ ഷഹീൻബാ​ഗിലെ സമരം ഒഴിപ്പിച്ചിരുന്നു. അതിനു ശേഷവും ഈ ഹർജി സുപ്രീംകോടതിയിൽ തന്നെ തുടർന്നു. ഈ കേസിന് ഇപ്പോൾ പ്രസക്തി ഇല്ലെങ്കിലും കേസിൽ ഉന്നയിച്ചിരിക്കുന്ന വിഷയത്തിന് പ്രസക്തിയുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് അന്തിമവാദം കേൾക്കുകയായിരുന്നു. അതിനു ശേഷമാണ് കേസിൽ ഇന്ന്  വിധി പറഞ്ഞിരിക്കുന്നത്.

click me!