Latest Videos

അക്ബറിനും സീതയ്ക്കും പുതിയ പേരായി; പേരുമാറ്റുന്നത് ഹൈക്കോടതി ഉത്തരവിന് പിന്നാലെ

By Web TeamFirst Published Apr 18, 2024, 8:15 AM IST
Highlights

കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് പേരുകള്‍ കൈമാറിയത്. അംഗീകരിച്ചാൽ പേരുമാറ്റം ഔദ്യോഗികമാകും.

കൊൽക്കത്ത: പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്നാക്കാനാണ് ശുപാർശ. കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് പേരുകള്‍ കൈമാറിയത്. കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാൽ പേരുമാറ്റം ഔദ്യോഗികമാകും. 

സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച്പിയുടെ ഹർജി കല്‍ക്കത്ത ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്. ഫെബ്രുവരി 16നാണ് ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. 

കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകള്‍ നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി നിരീക്ഷിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും നോബേൽ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു. വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്നും സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞു. സർക്കാർ അഭിഭാഷകന്‍റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. 
 

tags
click me!