സുശാന്ത് സിംഗിൻ്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

By Web TeamFirst Published Oct 26, 2020, 10:52 AM IST
Highlights

ഞങ്ങളുടെ വീട്ടിൽ വളർത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചൽ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു. 

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ദേശീയ തലത്തിൽ ഏറെ വിവാദം സൃഷ്ടിക്കുകയും ചർച്ചയാവുകയും ചെയ്ത കേസിൽ ഇതാദ്യമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരേയും മുംബൈ പൊലീസിനേയും അപമാനിക്കാനും കേസ് ഉപയോഗിച്ചെന്നും ഉദ്ദവ് ആഞ്ഞടിച്ചു.  

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണം മഹാരാഷ്ട്ര സർക്കാരിനെതിരെ ആയുധമാക്കിയവർക്ക് ശിവസേനയുടെ വാർഷിക ദസറ റാലിയിലാണ് ഉദ്ദവ് മറുപടി നൽകിയത്. ഒരാൾ ആത്മഹത്യ ചെയ്തു. അയാൾ ബിഹാറിന്‍റെ മകനായിരിക്കാം. പക്ഷേ അതിന്‍റെ പേരിൽ
മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടാമെന്നാണോ? ഈ കേസിൽ തൻ്റെ മകൻ ആദിത്യ താക്കറെയെ പോലും വെറുതെ വിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു.റിയാ ചക്രബർത്തിയും ആദിത്യയും ചേർന്ന് സുശാന്തിനെ കൊന്നെന്ന് പലരും പ്രചരിപ്പിച്ചിരുന്നു.

 കങ്കണയെ ലക്ഷ്യം വച്ചും ഉദ്ദവ് വിമർശനം തുടർന്നു. നീതിക്കായി നിലവിളിക്കുന്നവർ  മുംബൈ പൊലീസിനെ ഉപയോഗ ശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കശ്മീർ എന്ന് വിളിച്ചു. കഞ്ചാവ് ഉപയോഗം വ്യാപകമെന്ന് പ്രചരിപ്പിച്ചു. പക്ഷെ ഞങ്ങളുടെ വീട്ടിൽ വളർത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചൽ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു. 

മുംബൈ പൊലീസിൽ തനിക്ക് വിശ്വാസമുണ്ടെന്നും നഗരം പാക് അധീന കശ്മീർ പോലെ ആയെങ്കിൽ അതിൽ പ്രധാനമന്ത്രിയും നാണിക്കണമെന്ന് ഉദ്ദവ് പറഞ്ഞു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഏറ്റെടുത്ത സിബിഐയും ഇഡിയും ഒന്നും കണ്ടെത്താനാകാതെ കേസന്വേഷണം അവസാനിപ്പിച്ച മട്ടാണ്. ലഹരി ഉപയോഗം ആരോപിച്ച് കടുത്ത വകുപ്പുകൾ ചുമത്തി റിയാ ചക്രബർത്തിയെ ജയിലിലിട്ട എൻസിബിക്ക് ഹൈക്കോടതിയിൽ തിരിച്ചടിയേറ്റിരുന്നു.

click me!