മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

By Web TeamFirst Published Aug 6, 2019, 11:11 PM IST
Highlights

മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. 
 

ദില്ലി: ബിജെപി മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ​ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.  

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്, കേന്ദ്രമന്ത്രിമാരായ ഹർഷവർധൻ, നിതിൻ ​ഗഡ്കരി എന്നിവർ എയിംസിൽ എത്തിയിട്ടുണ്ട്. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 

നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.
 

click me!