Latest Videos

ന്യൂസിലന്‍ഡ് വെടിവെയ്പ്പ്; സഹായം ആവശ്യമുള്ളവര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം; സുഷമ സ്വരാജിന്‍റെ ട്വീറ്റ്

By Web TeamFirst Published Mar 16, 2019, 11:22 AM IST
Highlights

ഇന്നലെ ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ട് പേര്‍ ചികിത്സയിലുമാണ്. ഇതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. 

ദില്ലി: ന്യൂസിലന്‍ഡില്‍ സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്ന് സുഷമ സ്വരാജ്. ഇതിനായി 021803899, 021850033 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇന്നലെ ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ട് പേര്‍ ചികിത്സയിലുമാണ്. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. 

അതേസമയം കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ പട്ടികയിലിലെ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.  ആറ് പേരെ കാണാനില്ലെന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.  ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. 

ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

 

Indians requiring assistance should contact Indian High Commission in New Zealand on 021803899 or 021850033.

— Sushma Swaraj (@SushmaSwaraj)
click me!