ഗുജറാത്തിലെ അമുൽ ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രത്തിലാദ്യമായി വൻ ഭൂരിപക്ഷം നേടി. വിപുൽ എം. പട്ടേലിനെ പുതിയ ചെയർമാനായും, കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.
ഗാന്ധിനഗർ: ഗുജറാത്തിലെ അമുൽ ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വൻ ഭൂരിപക്ഷം നേടിയ ബിജെപി പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുത്തു. വിപുൽ എം. പട്ടേലിനെ ചെയർമാനായും, കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. സെപ്തംബർ 12 ന് വോട്ടെടുപ്പ് ഫലം വന്ന്, 94 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭരണസമിതിയുടെ തലപ്പത്ത് ആരിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായത്. ആകെയുള്ള 13 ഡയറക്ടർ ബോർഡ് അംഗങ്ങളിൽ 11 പേരും ബിജെപിയിൽ നിന്നാണ്. 2 പേർ മാത്രമാണ് കോൺഗ്രസ് പ്രതിനിധികളായി ഭരണസമിതിയിലെത്തിയത്.
2017 ൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ മുൻ ചെയർമാൻ രാംസിങ് പർമറിന്റെ മകൾ പ്രിയ പർമറും ഡയറക്ടർ ബോർഡിലെത്തി. രാംസിങ് പർമറിൻ്റെ കൂറുമാറ്റമാണ് അമുൽ ക്ഷീരസംഘം ബിജെപിയുടെ കൈകളിലേക്ക് എത്തുന്നതിൽ നിർണായകമായത്.
സെപ്റ്റംബറിൽ അമുൽ ഡയറിയുടെ ഒൻപത് ബ്ലോക്കുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴെണ്ണം നേടി ബിജെപി ചരിത്രം സൃഷ്ടിച്ചിരുന്നു. ആകെയുള്ള 13 ബ്ലോക്കുകളിൽ മറ്റ് നാലെണ്ണം നേരത്തെ തന്നെ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. ഇതോടെ അമുൽ ഡയറിയുടെ പാതിയിലേറെ അംഗങ്ങളും ബിജെപിയിൽ നിന്നായി. ഇതാദ്യമായാണ് ബിജെപിക്ക് ഈ ക്ഷീരോൽപ്പാദക സംഘത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം കിട്ടുന്നത്. കോൺഗ്രസിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്ന അമുൽ സംഘത്തിൽ ഇപ്പോൾ 2 ബ്ലോക്കുകളിലേക്ക് മാത്രമായി ഈ സ്വാധീനം കുറഞ്ഞു.


