
ദില്ലി: ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (81) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കരള്‍ വീക്കത്തെ തുടര്‍ന്ന് ദില്ലി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താൻ കഴിഞ്ഞിരുന്നില്ല.
ആന്ധപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ അഗ്നിവേശ് ആര്യസമാജത്തിലൂടെ സന്ന്യാസം സ്വീകരിച്ചു. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ അഗ്നിവേശ് പ്രവര്‍ത്തനമണ്ഡലമായി ഹരിയാന തെരഞ്ഞെടുത്തു. ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി 1970ല്‍ രൂപീകരിച്ച അദ്ദേഹം 77ല്‍ ഹരിയാന നിയമസഭയിലെത്തി, തൊഴില്‍വകുപ്പ് മന്ത്രിയായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്നിവേശ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.
കാവി ധരിച്ചപ്പോഴും അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ വാചാലനായി. ഇതിന്‍റെ പേരില്‍ കേരളത്തില്‍ എത്തിയപ്പോഴടക്കം കയ്യേറ്റം നേരിടേണ്ടി വന്നു. സ്ത്രീവിമോചനത്തിനും, പെണ്‍ഭ്രൂണഹത്യക്കുമെതിരെ സ്വാമി അഗ്നിവേശ് ശബ്ദിച്ചു. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് അണ്ണാഹസാരെ തുടങ്ങിവച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തിന്‍റയും ഭാഗമായി. അഗ്നിവേശിന്‍റെ നിര്യാണത്തോടെ
മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam