
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദില്ലി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്.
അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. പൊലീസിന് സംഭവത്തിൽ എംപി മൊഴിയും നൽകി. സ്വാതിയെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പിന്നാലെയാണ് വൈദ്യ പരിശോധനാ ഫലവും പുറത്തുവന്നത്.
ആം ആദ്മി പാർട്ടി ബിഭവിന്‍റെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാൽ കെജ്രിവാളിന്‍റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു. അതിനിടെ കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത് വന്നിരുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ചയ്ക്ക് സ്വാതി മലിവാളിന് അനുമതി ഇല്ലായിരുന്നു, മുഖ്യമന്ത്രി താമസിക്കുന്ന പ്രധാന കെട്ടിടത്തിന് പുറത്തുള്ള സ്വീകരണ മുറിയിലേക്ക് സ്വാതി അതിക്രമിച്ച് കയറി, സുരക്ഷാ ജീവനക്കാരോട് കയർത്തു, അകത്തേക്ക് കയറുന്നത് തടഞ്ഞ ഇവരെ തള്ളിമാറ്റി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും ബിഭവ് കുമാർ ആരോപിച്ചിരുന്നു. സംഭവത്തിൽ സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പരാതി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam