
കണ്ണൂര്‍: പിടി ഉഷയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പദ്മനാഭൻ രംഗത്ത്. ഗുസ്തി താരങ്ങളെ പിടി ഉഷ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങൾ മോഹിച്ചാണ്. നിവൃത്തി ഇല്ലാത്ത ഘട്ടം വന്നപ്പോഴാണ് താരങ്ങളെ സന്ദർശിച്ചത്. മലയാളി എന്ന നിലയിൽ തനിക്ക് സഹിക്കാൻ കഴിയാത്ത നാണം തോന്നുന്നു. ഉഷയയ്ക്ക് കായിക മേഖലയിൽ മാത്രമല്ല പലമേഖലയിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം. അതിന് ഇതല്ല ഇതിനപ്പുറവും പറയുമെന്നും ടി പദ്മനാഭൻ പറഞ്ഞു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരായ പരാമർശത്തിൽ, ഇന്നലെ താരങ്ങളെ നേരിൽ കണ്ട് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി. ടി. ഉഷ ന്യായീകരിച്ചിരുന്നു. ജന്തർ മന്തറിലെത്തിയ ഉഷയ്ക്ക് നേരെ സമരത്തെ പിന്തുണച്ചെത്തിയവർ ക്ഷോഭിച്ചു. ജന്തർ മന്തറിലെത്തിയ പിടിഉഷ പത്ത് മിനിട്ടോളം താരങ്ങളുമായി ചർച്ച നടത്തി മടങ്ങുമ്പോഴായിരുന്നു സമരത്തെ പിന്തുണച്ചവരുടെ പ്രതിഷേധ പ്രകടനം. താരങ്ങളെ അപമാനിച്ചുവെന്ന് പറഞ്ഞാണ് ഒരു സ്ത്രീ ഉഷയോട് കയർത്തത്. സമരത്തെ പിന്തുണച്ചെത്തിയ ഒരു വിമുക്ത ഭടൻ പിടി ഉഷയുടെ വാഹനം തടഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഉഷ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. തൻറെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും, ആത്യന്തികമായി താനൊരു അത്ലറ്റാണെന്നും ഉഷ പറഞ്ഞതായി ബജ്രംഗ് പൂനിയ അറിയിച്ചു. ജന്തർ മന്തറിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ രംഗത്തെത്തി. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ വനിതകളോട് അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും താരങ്ങൾ ആരോപിച്ചു. ദില്ലി പോലീസിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമുയർത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam