
മുംബൈ: കൊവിഡ് 19 വ്യാപിക്കുന്നതിനിടെ ക്വാറൈന്‍റൈനിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കുന്നതിന്‍റെ ആവശ്യമെന്താണെന്ന് രാജ് താക്കറെ ചോദിച്ചു. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമങ്ങള്‍. അവരുടെ ചികില്‍സ നിര്‍ത്തിവയ്ക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന വെല്ലുവിളിയേക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചിരുന്നതാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഇത് ശരിയായ സമീപനമല്ല. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസുകാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടാകുന്നത്.
രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളര്‍ത്താനാണ് തബ്‌ലീഗുകാരുടെ ശ്രമം. അവര്‍ ഗൂഡാലോചനയാണ് ചെയ്തിരിക്കുന്നത്. നിയന്ത്രണം മറികടന്നാണ് ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ അവരുടെ യോഗം നടന്നത്. ഗാസിയാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നഴ്‌സുമാരോട് മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു.
മരുന്നുകള്‍ കഴിക്കാതെയും നഴ്സുമാരോട് മോശമായ പെരുമാറ്റവുമായിരുന്നു ഇവര്‍ക്കെതിരെയുയര്‍ന്ന പരാതി. നിസാമുദ്ദീനില മാതൃകയില്‍ വസായില്‍ കഴിഞ്ഞമാസം തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന് അനുമതി നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും രാജ് താക്കറെ പറയുന്നു. മതങ്ങളെ കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗമാണ് ഇത്തരത്തില്‍ പെരുമാറുന്നത്.
ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് അവര്‍ ഓര്‍മിക്കണം. അതിന് ശേഷവും തങ്ങള്‍ ഇവിടെയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച മുസ്ലിം പണ്ഡിതന്‍മാര്‍ എവിടെ പോയി. ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ അച്ചടക്കം പാലിക്കണമെന്ന് അവര്‍ പറഞ്ഞുകൊടുക്കണം. അച്ചടക്കം പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടേണ്ടി വരും. ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam