കന്നിമത്സരത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജിവെച്ച ബങ്കിപ്പൂർ സീറ്റിലേക്ക് പ്രശാന്ത് കിഷോറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി.
പാറ്റ്ന: ഒടുവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ഒഴിവുള്ള നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ പ്രശാന്ത് കിഷോർ മത്സരിക്കുമെന്ന് ജൻ സുരാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതി പ്രഖ്യാപിച്ചു. ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് പ്രശാന്ത് കിഷോറിൻ്റെ കന്നിമത്സരം. ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂരിൽ ജൂലൈ 30നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജൻ സുരാജ് പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് ശേഷമാണ് മനോജ് ഭാരതി പ്രശാന്ത് കിഷോറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജിവെച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് ബങ്കിപ്പൂർ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അജയ് അലോക്, നീൽ രത്തൻ ഘോഷ്, അജീത്ത് കുമാർ എന്നിവരുടെ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. തേജ് പ്രതാപ് യാദവ് നേതൃത്വം നൽകുന്ന ജനത ജനശക്തി ദളിന് വേണ്ടി സാമൂഹ്യ പ്രവർത്തകയായ വീണ മൻവി മത്സരരംഗത്തുണ്ട്.
അതേസമയം ഒരുപതിറ്റാണ്ടിലധികം കാലം വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിൻ്റെ കന്നിമത്സരം ജൻ സുരാജ് പാർട്ടിക്ക് അഭിമാനപോരാട്ടമാണ്. കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും താഴെയായിരുന്നു പാർട്ടി സ്ഥാനാർത്ഥികളുടെ സ്ഥാനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി, ബങ്കിപ്പൂരിൽ ജൻ സുരാജ് പാർട്ടിക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചിരുന്നു. ബങ്കിപ്പൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പ്രശാന്ത് കിഷോറിൻ്റെ മറുപടി.
ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. ജൂലൈ 13 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. ബിഹാറിൻ്റെ തലസ്ഥാനമായ പാറ്റ്നയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ഏറ്റവും സുരക്ഷിത സീറ്റെന്ന് ബിജെപി കരുതുന്ന നഗര മണ്ഡലം കൂടിയാണിത്. മണ്ഡലം രൂപീകൃതമായ 2010 മുതൽ നിതിൻ നബീൻ ആണ് വിജയിച്ചിരുന്നത്.


