മധുരൈ: ''അപ്പാവെ പാര്'', എന്ന് കുഞ്ഞുവാവയെ കളിപ്പിക്കുകയാണ് മധുരൈയിലെ അളഗാപുരി ഗ്രാമത്തിലെ രാജഗോപാൽ. വല്ലാത്ത ദുഃഖകാലം പിന്നിട്ടു കഴിഞ്ഞിട്ടില്ല ഇനിയും. കുഞ്ഞിനെ പ്രസവിച്ച് കയ്യിലേക്ക് തന്ന ഭാര്യ, പഞ്ചമി, ഇന്നില്ല. കേട്ടാൽ വിശ്വസിക്കാനാകാത്ത അനാചാരത്തിന്‍റെ ഇരയായിരുന്നു അവർ. രാജഗോപാലിന്‍റെ ഈ ഗ്രാമത്തിൽ ഗർഭിണികൾ ഇന്നും അയിത്തം കൽപിക്കേണ്ടവരാണ്.
തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ഗര്‍ഭിണികളോടും തൊട്ടുകൂടായ്മ തുടരുകയാണെന്ന വിവരങ്ങൾ തന്നെയാണ് ഇപ്പോഴും പുറത്തുവരുന്നത്. ഒറ്റപ്പെട്ട ഷെഡ്ഡില്‍ വിദഗ്ധ പരിചരണം പോലും നല്‍കാതെയാണ് ഇവരെ പാര്‍പ്പിക്കുന്നത്. അസുഖങ്ങള്‍ പിടിപെട്ടാൽ പോലും കാര്യമായ ചികിത്സ ലഭിക്കില്ല. ശുചിമുറി സൗകര്യം പോലും ഇല്ലാത്തതിനാല്‍ ഗുരുതര രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് ഈ ഗ്രാമത്തിൽ ഗർഭിണികൾ മാസങ്ങള്‍ തള്ളി നീക്കുന്നത്.
''അസുഖങ്ങളുണ്ടായിരുന്നു അവൾക്ക്. പലപ്പോഴും പനി വരുമായിരുന്നു. മറ്റ് അസുഖങ്ങൾ വരുമായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർമാർ പറഞ്ഞത് പോഷകാഹാരത്തിന്‍റെ കുറവുണ്ടെന്നാ. കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. നേരത്തേ ആശുപത്രിയിലെത്തിക്കേണ്ടിയിരുന്നു'', രാജഗോപാൽ പറയുന്നു.
മകളെയെങ്കിലും ജീവിതത്തിലേക്ക് തിരികെ ലഭിച്ചതിന്‍റെ ആശ്വാസം മാത്രമാണ് രാജഗോപാലിനുള്ളത്. പഞ്ചമി കഴിഞ്ഞിരുന്നത് അതീവദയനീയമായ അവസ്ഥയിലായിരുന്നുവെന്ന് രാജഗോപാൽ തന്നെ പറയുന്നു. ആർത്തവം കാരണം മാറ്റിപ്പാർപ്പിക്കുന്ന പെൺകുട്ടികളല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല കൂട്ടിന്. പനിയും പോഷകാഹാരക്കുറവും ഗർഭകാലത്ത് തീർത്തും അലട്ടിയ പഞ്ചമി, പ്രസവത്തിന് ശേഷം മൂന്ന് മാസം പിന്നിട്ടപ്പോഴേക്ക് മരിച്ചു. കാരണം അനാരോഗ്യം തന്നെയെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇന്ന് രാജഗോപാലിന്‍റെ സഹോദരിയുടെ തണലിലാണ് കുഞ്ഞ് വൈഗ വളരുന്നത്.
ആര്‍ത്തവസമയത്തെ പെണ്‍കുട്ടികളെ പോലെ ഗര്‍ഭിണിയായ സ്ത്രീയും അളഗാപുരി നിവാസികള്‍ക്ക് അയിത്തമാണ്. ജനവാസമേഖലയില്‍ നിന്നകന്ന് ഒറ്റപ്പെട്ട ഷെഡ്ഡില്‍ മാറ്റിപ്പാർപ്പിക്കും. പ്രസവസമയമാകുമ്പോള്‍ മാത്രമാണ് ഇത്തരം ഒറ്റമുറിപ്പുരകളിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക. തുടർച്ചയായി മരണങ്ങൾ നടന്നിട്ടും ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. എന്ന് മാറും ഈ ദുരാചാരവും, അനാചാരങ്ങളും?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam