
മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി മുൻ നിരയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനവുമായി താജ് ഹോട്ടലുകള്‍. മുംബൈയിലെ താജ് പാലസ് അടക്കമുള്ള അഞ്ച് ഹോട്ടലുകളിലും ഗോവയിലെയും നോയ്ഡയിലെയും ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ സമൂഹത്തോടുള്ള കടമ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഹോട്ടലുകളുടെ നടത്തിപ്പുകാരായ ഐഎച്ച്‌സിഎല്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു. വിലമതിക്കാനാകാത്ത സേവനമാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്. അവർക്കും കൊവിഡിനെതിരെ പ്രവർത്തിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾക്കും താജ് ഹോട്ടലുകൾ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താജ് ഹോട്ടലുകളുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എന്‍സിപി എംപി സുപ്രിയ സുലെ രംഗത്തെത്തി. 'ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവർക്ക് തങ്ങളുടെ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എല്ലാ പിന്തുണയും നല്‍കുന്നതിന് രത്തന്‍ ടാറ്റയ്ക്ക് നന്ദി പറയുന്നു,' സുപ്രിയ സുലെ പറഞ്ഞതായി ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam