
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയുടെ ഉന്നത നേതാക്കളുടെ വാഹനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന പരിശോധനകളില്‍ ഒഴിവില്ല. തമിഴ്‌നാട് മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴി, ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ കനിമൊഴി എന്നിവരുടെ വാഹനങ്ങള്‍ വ്യാഴാഴ്‌ച ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. തഞ്ചാവൂരില്‍ വച്ച് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വാഹനവ്യൂഹം സമാനമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു.
തിരുവെരുമ്പൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയാണ് നിലവിലെ മന്ത്രി കൂടിയായ അൻപിൽ മഹേഷ് പൊയ്യമൊഴി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദേഹത്തിന്‍റെ വാഹനം പരിശോധനയ്ക്കായി തടഞ്ഞത്. തിരുവെരുമ്പൂർ-വെങ്ങൂർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഫ്ലൈയിംഗ് സ്ക്വാഡ് അൻപിൽ മഹേഷിന്‍റെ വാഹനം കൈകാണിച്ച് നിർത്തി പരിശോധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പതിവ് നിരീക്ഷണത്തിന്‍റെ ഭാഗമായാണ് ഈ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
ശിവഗംഗയിൽ വെച്ച് കനിമൊഴി എംപിയുടെ വാഹനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധിച്ചു. പൊലീസുകാരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പാര്‍ട്ടികളും നേതാക്കളും പ്രചാരണ രംഗത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള കർശന ജാഗ്രതയുടെ ഭാഗമായാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. പണവും മറ്റും അനധികൃതമായി കൊണ്ടുപോകുന്നുണ്ടോ, സമ്മാനങ്ങള്‍ നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മേല്‍നോട്ടത്തിലുള്ള വിവിധ ഫ്ലൈയിംഗ് സ്‌ക്വാഡുകള്‍ ശക്തമായ പരിശോധന നടത്തുന്നത്.
തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് ഒറ്റ ഘട്ടമായാണ് നിയമസഭ വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ. 234 അംഗ നിയമസഭയുടെ നിലവിലെ കാലാവധി മെയ് 10-ന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം തമിഴ്‌നാട്ടില്‍ നിലവിൽ വന്നിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന 'ദ്രാവിഡൻ മോഡൽ 2.0' സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കനിമൊഴി എംപി പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയുടെ വിജയം ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
'സ്റ്റാലിന്‍ അധികാരത്തിൽ വന്നതിന് ശേഷം തമിഴ്നാട്ടില്‍ വികസനവും ജിഡിപിയും കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. തൂത്തുക്കുടിയിൽ പോലും നിരവധി വ്യവസായങ്ങൾ വന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സർക്കാരിന്‍റെ കാലത്ത് യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി. ഉന്നത വിദ്യാഭ്യാസത്തിന് താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് സർക്കാർ വലിയ പിന്തുണ നൽകുന്നതായും'- കനിമൊഴി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam