
ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. ബിജെപി വ്യാപാരി വിഭാഗം ജില്ലാ നേതാവായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറയുന്നു.
സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട സതീഷ് കുമാറും പ്രതികളും മദ്യലഹരിയിലായിരുന്നു. മദ്യപിച്ച സേഷം നടന്ന തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. കൊലയാളികളെ ഇന്ന് തന്നെ പിടികൂടുമെന്ന് പൊലീസ് പറയുന്നു.
തമിഴ്‌നാട്ടിൽ രണ്ട് മാസം മുൻപ് മറ്റൊരു ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ഈ സംഭവം നടക്കുന്നത്.ജൂലൈ 4 ന് ഡിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപം രാജകപ്പട്ടിയിലാണ് ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബാലകൃഷ്ണൻ (39) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, ബൈക്കുകളിൽ വന്ന സംഘം ആളുകൾ നോക്കിനിൽക്കെ ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് ആശുപത്രിയിലെത്തും മുൻപ് മരിച്ചു. സാമ്പത്തിക തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്ന് പൊലീസ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam