ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ പൂർണമായും ഒഴിവാക്കാൻ ഔദ്യോഗിക പക്ഷം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം പനീർശെൽവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി അണികൾ തെരുവിലെത്തി. തീർത്തും ദുർബലമായ ഒപിഎസ് ക്യാമ്പ് പാർട്ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ്.
ഇനി ഒരു ഒത്തുതീർപ്പിനുമില്ല. പനീർശെൽവത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പൂർണമായും വെട്ടിനിരത്താനാണ് പളനിസാമി പക്ഷത്തിന്‍റെ തീരുമാനം. അണ്ണാ ഡിഎംകെയുടെ 74 അംഗ നിർവാഹക സമിതിയിൽ പനീർശെൽവമടക്കം അഞ്ച് പേർ മാത്രമാണ് ഇപ്പോൾ വിമതപക്ഷത്ത്. എന്നാല്‍, നാമമാത്രമായ ഈ എതിർപ്പ് കണക്കിലെടുക്കണ്ട എന്നാണ് ഇപിഎസ് പക്ഷത്തിന്‍റെ തീരുമാനം. പളനിസാമിയെ ജനറൽ സെക്രട്ടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. പനീർശെൽവം വഹിക്കുന്ന പാർട്ടി ഖജാൻജി സ്ഥാനവും തിരിച്ചെടുക്കും. എന്തുവന്നാലും വരാനിരിക്കുന്ന ജനറൽ കൗൺസിലിൽ ഈ തീരുമാനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാനാണ് നീക്കം.
Also Read: ഇരുപാർട്ടികൾ പോലെ ചേരി തിരിഞ്ഞ് ഇപിഎസ്സും ഒപിഎസ്സും, പാർട്ടി ഓഫീസിനായി തമ്മിൽത്തല്ല്!
സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ ഒപിഎസിന്റെ ചിത്രം ഇപിഎസ് അണികൾ കീറി നീക്കിയതിന് പിന്നാലെ സംസ്ഥാനമെങ്ങും വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതാവർത്തിച്ചു. ജനറൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിന് ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമെന്ന പേരിൽ ദില്ലിയിലെത്തിയ ഒപിഎസ് ബിജെപി ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. ഇതിനിടെ ഒപിഎസ് തങ്ങളോടൊപ്പം ചേരുമെന്ന സൂചന ശശികല പക്ഷവും നൽകുന്നു.
തികച്ചും ദുർബലരായെങ്കിലും ഒപിഎസ് ക്യാമ്പ് ചെന്നൈയിൽ കൂടിയാലോചനകൾ തുടരുകയാണ്. ജനറൽ കൗൺസിൽ തടയുക, പാർട്ടി ചിഹ്നവും പേരും സ്വന്തം പേരിൽ നിർത്താൻ നിയമയുദ്ധം തുടരുക എന്നിവയാണ് അവരുടെ പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam