സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ളത്, രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കേണ്ട; സർക്കുലർ ഇറക്കി വിജയ് സർക്കാർ

Published : Jul 10, 2026, 11:29 AM IST
Tamil Nadu Schools Political Party Ban

Synopsis

തമിഴ്നാട്ടിൽ സ്കൂളുകളിലേക്ക് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പ്രവേശിക്കുന്നത് വിലക്കി വിജയ് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ള സ്ഥലമാണെന്നും ആരെയും അമിതമായി പുകഴ്ത്താൻ വേണ്ടിയുള്ള സ്ഥലമല്ലെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടി. ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടികളും നിഷ്പക്ഷതയുടെയും വിദ്യാഭ്യാസപരമായ പ്രസക്തിയുടെയും തത്വങ്ങൾ പാലിക്കുന്നതായിരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.

സ്കൂൾ വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും മന്ത്രി എ രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.

അടുത്തിടെ, വ്യവസായ മന്ത്രി എസ് കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തെ ചോദ്യം ചെയ്തത് വിമർശനത്തിന് വഴിവെച്ചിരുന്നു. വിരുധനഗറിലെ ഗേൾസ് ഹൈസ്കൂളിൽ മന്ത്രി നടത്തിയ സന്ദർശനമാണ് വിവാദമായത്. കുട്ടികൾക്ക് ഇംഗ്ലീഷിൽ മറുപടി നൽകാൻ പ്രാവീണ്യമില്ലാത്തതിന് കാരണം മുൻ സർക്കാർ, ഗവ. സ്കൂളുകളെ അവഗണിച്ചതിൻ്റെ തെളിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ, മന്ത്രി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ഡിഎംകെ വിമർശിച്ചിരുന്നു.

ഇതിനു പുറമേ, ടിവികെ പ്രവർത്തകർ സ്കൂളിൽ പ്രവേശിച്ചു ക്ലാസ് തടസ്സപ്പെടുത്തിയതും വിവാദമായിരുന്നു. മുഖ്യമന്ത്രി വിജയ്‍‍യുടെ ചിത്രവുമായി ക്ലാസ്മുറിയിൽ പ്രവേശിച്ച 20 ഓളം പ്രവ‍ർത്തകർ ചിത്രത്തിലുള്ളത് ആരാണെന്ന് പറയാൻ വിദ്യാ‍ർത്ഥികളോട് ആവശ്യപ്പെടുന്ന റീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ വ്യാപക വിമ‍ർശനം ഉയർന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിൽ 30 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് അധ്യാപകർ അപമാനിച്ചതായി ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
'ജയിലിൽ കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നത് ഒരുസ്ത്രീയ്ക്കും താങ്ങാനാകില്ല'; ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം; പ്രതി അഞ്ചുമാസം ​ഗർഭിണി