
മുംബൈ: വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗർഭിണിയാണെന്ന വാദം അംഗീകരിച്ചാണ് 75000 രൂപയുടെ ബോണ്ടിന്മേലും തത്തുല്യതുകയ്ക്കുള്ള ആൾജാമ്യത്തിലും നാസിക് റോഡ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി കെ ജി ജോഷി ജാമ്യം അനുവദിച്ചത്. ജയിലിൽവെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നതിന്റെ മാനസികാഘാതം ഒരുസ്ത്രീക്കും താങ്ങാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ടിസിഎസ് മതപരിവർത്തനക്കേസിൽ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 25 ദിവസത്തോളം ഒളിവിലായിരുന്ന പ്രതിയെ ഛത്രപതി സംഭാജിനഗറിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
നിലവിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിദാ ഖാൻ ജാമ്യംതേടി കോടതിയെ സമീപിച്ചത്. ഇതോടെയാണ് ഗർഭിണിയായ പ്രതിക്ക് ജാമ്യം നൽകാൻ കോടതി തീരുമാനിച്ചത്. ജയിലിൽവെച്ച് പ്രസവിക്കേണ്ടിവരുന്നത് ഒരുസ്ത്രീക്കും താങ്ങാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇത്തരം വേദനാജനകമായ സാഹചര്യം ഒഴിവാക്കാനും കുഞ്ഞിന്റെ ക്ഷേമത്തിനും വേണ്ടി പ്രതിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ഗർഭിണിയായ പ്രതിയെ തടവിൽ പാർപ്പിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നിദാ ഖാന്റെയും കൂട്ടുപ്രതിയായ ഡാനിഷ് ഷെയ്ഖിന്റെയും ജാമ്യാപേക്ഷകൾ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും പ്രതികൾക്കെതിരേ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
നാസിക്കിലെ ടിസിഎസ് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്ന യുവതികളെ ബ്രെയിൻവാഷ് ചെയ്തും ഭീഷണിപ്പെടുത്തിയും മതപരിവർത്തനത്തിന് ശ്രമിച്ചെന്നും ലൈംഗികമായി ചൂഷണംചെയ്തെന്നുമാണ് ആരോപണം. ഏറെ വിവാദമായ സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam