
ചെന്നൈ: തമിഴ്നാട്ടിൽ ഓട്ടോറിക്ഷ യാത്രാ നിരക്ക് പരിഷ്കരിച്ച് സി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ. മിനിമം ചാർജ് 50 രൂപയാക്കി വർധിപ്പിച്ചു. ആദ്യ 1.8 കിലോമീറ്റർ ദൂരമാണ് മിനിമം ചാർജിൻ്റെ പരിധിയിൽ വരിക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതമാണ് അധിക നിരക്ക്. ചുരം പാതയിലും രാത്രിയിലുമുള്ള യാത്രകൾക്കും നിരക്കിൽ വ്യത്യാസമുണ്ട്. സംസ്ഥാനത്ത് 2013ന് ശേഷം ആദ്യമായാണ് ഓട്ടോക്കൂലി വർധിപ്പിക്കുന്നത്.
സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയ്യാറായത്. ദീപാവലിക്ക് മുമ്പ് തന്നെ നിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ ഡ്രൈവർമാർക്ക് ഉറപ്പുനൽകിയിരുന്നു. പുതിയ നിരക്ക് പ്രകാരം, ആദ്യ 1.8 കിലോമീറ്ററിന് 50 രൂപയാണ് മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതമാണ് ആണ് നിരക്ക്.
ചുരം പാതയിൽ 60 രൂപയാണ് മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് നിരക്ക്. വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപയായി നിശ്ചയിച്ചു. രാത്രി 10 മണിമുതൽ രാവിലെ അഞ്ചുമണിവരെയുള്ള യാത്രകൾക്ക് സാധാരണയേക്കാൾ ഒന്നര മടങ്ങ് വരെ നിരക്ക് വർധിക്കും.
സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്രാ പദ്ധതിയായ 'വെട്രി പയന' ത്തിനെതിരെ ഓട്ടോറിക്ഷ ഡ്രൈവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മിനിമം ചാർജ് വർധിപ്പിക്കണമെന്നും പെട്രോൾ, ഡീസൽ, എൽപിജി സബ്സിഡി നൽകണമെന്നുമായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ഓട്ടോറിക്ഷ മിനിമം നിരക്ക് ആദ്യ 1.5 കിലോമീറ്ററിന് 60 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയുമായി വർധിപ്പിക്കണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. മുമ്പ് 2013ലാണ് മുൻ സർക്കാർ ഓട്ടോക്കൂലി പരിഷ്കരിച്ചത്. ആദ്യ 1.8 കിലോമീറ്ററിന് 25 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 12 രൂപയും വീതമാണ് നിരക്ക് വർധിപ്പിച്ചിരുന്നത്.
അതേസമയം ഓട്ടോക്കൂലി വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയെ ഓട്ടോ ഡ്രൈവർമാർ സ്വാഗതം ചെയ്തു. സർക്കാരിൻ്റെ വെട്രി പയനം പദ്ധതി പുനക്രമീകരിക്കണമെന്ന ആവശ്യവും ഡ്രൈവർമാർ ഉയർത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാർക്ക് ദീപാവലി ബോണസായി 5,000 രൂപ വീതം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam