
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നു. ടിവികെ ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. എടപ്പാടിയെ മുഖ്യമന്ത്രി ആക്കിയുള്ള ഫോർമുലയാണ് പരിഗണനയിലുള്ളത്. എഐഎഡിഎംകെയെ ഡിഎംകെ പുറത്തുനിന്ന് പിന്തുണച്ചേക്കും. രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നതിനിടെ ഡിഎംകെ എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും.
അതേസമയം, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെങ്കിൽ ഇടപെടില്ലെന്നാണ് ഡിഎംകെ വൃത്തങ്ങൾ പറയുന്നത്. രാഹുൽ ഗാന്ധി മര്യാദ കാണിച്ചില്ലെന്നും ഫലം വന്നതിനു ശേഷം സ്റ്റാലിനുമായി സംസാരിച്ചപ്പോൾ ഒപ്പമുണ്ടെന്ന് രാഹുൽ പറഞ്ഞതായും ഡിഎംകെ നേതാക്കൾ പറയുന്നു. എന്നാൽ ചൊവ്വാഴ്ച ഖർഗെ വിളിച്ചപ്പോൾ ടി ആർ ബാലു അതൃപ്തി അറിയിച്ചു. ബിജെപി പിൻവാതിൽ വഴി തമിഴ്നാട്ടിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്സ് എന്തുചെയ്യണമെന്ന് ഖർഗെ ചോദിച്ചു. നിങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾ പറയണോ എന്ന് ബാലു തിരിച്ചു ചോദിച്ചെന്നും നേതാക്കൾ പറയുന്നു.
അതേസമയം, കോൺഗ്രസ്സ് -ടിവികെ സഖ്യസർക്കാർ അനുവദിക്കരുതെന്ന് ദില്ലിയിൽ നിന്ന് നിർദേശം വന്നതായും എൻഡിഎ നേതാക്കൾ വെളിപ്പെടുത്തുന്നു. അൻപുമണി രാമദാസ് ടിവികെയുമായുള്ള ചർച്ചകൾ നിർത്തിയത് അതിനുശേഷമാണെന്നും നേതാക്കൾ പറയുന്നുണ്ട്. അതിനിടെ, കൂടുതൽ എഐഎഡിഎംകെ എംഎൽഎമാർ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറി. നിലവിൽ 28 എംഎൽഎമാരാണ് റിസോർട്ടിലെത്തിയത്. നേതൃത്വത്തിന്റെ അനുമതിയോടെ നീക്കമെന്നും ടിവികെയുടെ സഖ്യരൂപീകരണനീക്കങ്ങൾ നിരീക്ഷിക്കുമെന്നും എംഎൽഎമാർ പറയുന്നു. വിജയ് അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിച്ചെന്ന പ്രചാരണം ഒഴിവാക്കാനുള്ള ശ്രമമാണ് ഡിഎംകെ നടത്തുന്നത്. വിജയ് മന്ത്രിസഭ രൂപീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടാൽ ദ്രാവിഡ പാർട്ടികൾ രംഗത്തെത്തുമാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam