തമിഴ്നാട്ടിൽ അമോണിയ ചോർച്ച; മരണം ഏഴായി, നിരവധി പേർ ആശുപത്രിയിൽ; സംഭവം സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ

Published : Jun 21, 2026, 05:26 PM IST
Tamil Nadu Ammonia Leak Death

Synopsis

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണം പ്രഖ്യാപിച്ചു. 

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോൾ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെൽത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും മൂന്നുദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകി.

ഞായറാഴ്ച തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തെ കണ്ണിഗൈപേരിലുള്ള സെൻ്റ് പീറ്റർ ആൻ്റ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സിലാണ് വാതകച്ചോർച്ച ഉണ്ടായത്. പ്രൊസസിങ് യൂണിറ്റിൽനിന്ന് അമോണിയ ചോരുകയും പരിസരപ്രദേശങ്ങളിൽ വ്യാപിക്കുകയുമായിരുന്നു. അമോണിയ ശ്വസിച്ച് നിരവധി ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ചിലരുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നതായും റിപ്പോർട്ടുണ്ട്.

70ലധികം ജീവനക്കാരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേരെയും വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ഒൻപത് സ്ത്രീകളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വിജയ് ഏകോപനത്തിനായി വിവിധ മന്ത്രിമാരെ ചുമതലപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴിലാളി ക്ഷേമ വകുപ്പ് മന്ത്രി ജെ മുഹമ്മദ് ഫർവാസ് പറഞ്ഞു. സംഭവത്തിൽ പെരിയപാളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, അബുദാബി-നവി മുംബൈ സെക്ടറിൽ പറക്കാം
'എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല, സർക്കാർ ആരെയാണ് സംരക്ഷിക്കുന്നത്'; അയോധ്യ സംഭാവന അപഹരണത്തിൽ രൂക്ഷ വിമർശനവുമായി കെജ്രിവാൾ