നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ, ഗവർണറെ സഭയിലിരുത്തി സ്പീക്കർ വായിച്ചു, നാടകീയ രംഗങ്ങൾ

Published : Feb 12, 2024, 01:29 PM IST
നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ, ഗവർണറെ സഭയിലിരുത്തി സ്പീക്കർ വായിച്ചു, നാടകീയ രംഗങ്ങൾ

Synopsis

കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനില്‍ക്കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടത്. 

ചെന്നൈ: ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചതോടെ, തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനില്‍ക്കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടത്. 

തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആർ എൻ രവിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.  നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന തന്‍റെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ദുരൈ മുരുകൻ ഗവർണറുടെ പരാമർശം രേഖപ്പെടുത്തരുതെന്ന പ്രമേയം അവതരിപ്പിച്ചു. 

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കുന്ന പാരമ്പര്യമാണ് തമിഴ്‌നാട് നിയമസഭ പിന്തുടരുന്നതെന്ന് ഗവർണറുടെ വിമര്‍ശനത്തിന് മറുപടിയായി സ്പീക്കര്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയിൽ പങ്കുവെക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസം അനുവദിക്കാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷവും ഗവർണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വായിക്കാതെ വിട്ടിരുന്നു. പെരിയാർ, ബി ആർ അംബേദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കെ കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമർശിക്കുന്ന ഭാഗമാണ് അദ്ദേഹം വായിക്കാതെ വിട്ടത്. പിന്നാലെ ഗവർണർ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ബിജെപി വക്താവിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ബില്ലുകളില്‍ ഒപ്പുവെയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുകയുണ്ടായി. വിഷയം സുപ്രിം കോടതിയിൽ എത്തി. ഗവർണർ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്ന് കോടതി വിധിച്ചു. തുടർന്ന് ചില ബില്ലുകൾ ഗവർണർ പാസാക്കുകയുണ്ടായി.

ആർ എൻ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ വർഷം രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങൾക്കും ഭരണഘടനയ്ക്കും എതിരായി പ്രവർത്തിച്ച ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് എം കെ സ്റ്റാലിൻ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ