ഓക്സിജൻ ക്ഷാമം രൂക്ഷം, തൂത്തുക്കുടിയിലെ വിവാദ സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കും

By Web TeamFirst Published Apr 26, 2021, 1:24 PM IST
Highlights

നാല് മാസത്തേക്കാണ് പ്ലാന്‍റിന് പ്രവര്‍ത്തനാനുമതി നൽകിയിരിക്കുന്നത്. ഓക്സിജൻ പ്ലാന്‍റിന്  മാത്രമേ അനുമി നല്‍കാവൂ എന്ന പ്രതിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ്  തുറക്കാന്‍ തമിഴ്നാട് സര്‍ക്കാർ തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്സിജന്‍ പ്ലാന്‍റ്  മാത്രമാണ് തുറക്കുന്നത്. പ്ലാന്‍റ് തുറക്കാനുള്ള നീക്കത്തിനെതിരെ തൂത്തുക്കുടിയില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. അതേസമയം തമിഴ്നാട്ടില്‍ മുഴുവന്‍ സമയ മിനി ലോക്ക്ഡൗണ്‍ തുടങ്ങി.

നാല് മാസത്തേക്കാണ് പ്ലാന്‍റിന് പ്രവര്‍ത്തനാനുമതി നൽകിയിരിക്കുന്നത്. ഓക്സിജൻ പ്ലാന്‍റിന്  മാത്രമേ അനുമി നല്‍കാവൂ എന്ന പ്രതിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

ഏത് കമ്പനി എന്നതല്ല, നിലവിലെ ഓക്സിജന്‍ ക്ഷാമം കണക്കിലെടുത്ത് പ്ലാന്‍റ് തുറക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ചെമ്പ് സംസ്കരണ പ്ലാന്‍റ് അടക്കം മറ്റ് യൂണിറ്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. ഇത് ഒരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ല. 

പാരിസ്ഥിതിക പ്രശ്നവും പ്രതിഷേധവും കണക്കിലെടുത്ത് 2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ്  അടച്ചുപൂട്ടിയത്. സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊവിഡിന്‍റെ മറവില്‍ പ്ലാന്‍റ് തുറക്കാനുള്ള ഗൂഡനീക്കമെന്ന് സമരസമിതി ആരോപിച്ചു. ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരസമിതി അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു. അതേസമയം വാരാന്ത്യലോക്ഡൗണിന് പുറമേ തമിഴ്നാട്ടില്‍ മുഴുവന്‍ സമയം മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. സൂപ്പര്‍മാര്‍ക്കറ്റ്, മാള്‍, ജിംനേഷ്യം, സലൂണ്‍ ബാര്‍ ഓഡിറ്റോറിയം അടക്കം അടച്ചു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇ - പാസും ക്വാറന്‍റീനും നിര്‍ബന്ധമാണ്.

click me!