
ബെംഗളൂരു: കഴിഞ്ഞ 20 വർഷമായി അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കർണാടക നിയമസഭയായ വിധാൻസൗധയിൽ. ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വർണ-വജ്ര ആഭരണങ്ങൾ അടക്കം നിരവധ ആഡംബര വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ എന്നിവയാണ് ജയലളിതയുടെ വസതിയിൽ നിന്ന് അന്ന് പിടിച്ചെടുത്തത്. പിന്നീട് വിധാൻസൗധയിലാണ് സൂക്ഷിച്ചത്.
ഇത്രയും മൂല്യമുള്ള സ്വത്തിൽ കണ്ണുവെച്ച് ബന്ധുക്കളായ ദീപയും ദീപകും രംഗത്തെത്തിയിരിക്കുകയാണ്. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വത്ത് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവർ ബെംഗളൂരു പ്രത്യേക കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളി. ഇതോടെ ഇവരുടെ നീക്കത്തിന് തിരിച്ചടിയായി. പ്രത്യേക കോടതി ഹർജി തള്ളിയതിനെതിരെ ഇവർ നിയമപോരാട്ടം തുടർന്നേക്കും.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിതയിൽനിന്ന് സ്വർണവും വജ്രവും വെള്ളിയുമടക്കം പിടിച്ചെടുത്തത്. ഇതെല്ലാം അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ നേടിയതാണെന്നായിരുന്നു കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതിനാൽ സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചതാണ് ബന്ധുക്കളായ ദീപക്കും ദീപക്കിനും തിരിച്ചടിയായത്. ജലയളിതയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്.
എന്നാൽ ഈ വസ്തുക്കൾ അനന്തരാവകാശികൾക്ക് നൽകുന്നതിനെ ആന്‍റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിർത്തു. സ്വത്തുക്കൾ സമ്പാദിച്ചത് അനധികൃതമായതിനാൽ പരമ്പാരഗത സ്വത്തുപോലെ കൈമാറാനാകില്ലെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് ഹർജി പ്രത്യേക കോടതി തള്ളിയത്. നേരത്തെ ജയലളിതയുടെ അനന്തരാവകാശികളായി ദീപയെയും ദീപക്കിനെയും അംഗീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam