രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം:7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

Published : Jul 12, 2023, 03:56 PM IST
രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം:7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

Synopsis

സൗത്ത്-ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജിഎമ്മും ഡിആർഎമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാർ, ബാലസോർ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

ദില്ലി: രാജ്യത്തെ നടുക്കി 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യൻ റെയിൽവെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.ഡ്യൂട്ടി സമയങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് ഇൻസ്‌പെക്ടർ, മെയിന്റനർ എന്നിവരുൾപ്പെടെ 7 പേരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. 

ബാലസോർ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയിരുന്നില്ലെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത്-ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജിഎമ്മും ഡിആർഎമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാർ, ബാലസോർ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.  അതേസമയം ബാലസോർ ട്രെയിൻ അപകടത്തിലെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത് വന്നിരുന്നു. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീവ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 

ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ല. ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ നടുക്കിയ ട്രിപ്പിൾ ട്രെയിൻ കൂട്ടിയിടിയിൽ  293 പേരുടെ ജീവൻ അപഹരിക്കുകയും 1175 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 52പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 

Read More : വിശ്വ പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്